തിരുവനന്തപുരം: ഭൂട്ടാന്‍ കാര്‍ കടത്തില്‍ ദില്ലി ഇടനില സംഘവുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ ശേഖരിച്ച് കസ്റ്റംസ്. കാര്‍ ഉടമ മാഹിന‍് അന്‍സാരിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് നികുതിവെട്ടിപ്പിന്‍റെയും രേഖകള്‍ വ്യാജമായി നിര്‍മിച്ചതിന്‍റെയും തെളിവുകള്‍ ലഭിച്ചത്. മാഹിന്‍റെ മൊഴി തിങ്കളാഴ്ച വീണ്ടുമെടുക്കും. കൂടുതല്‍ വാഹനങ്ങള്‍ കണ്ടെത്താന്‍ സാധിക്കാതായതോടെ റെയ്ഡിന് കംസ്റ്റംസ് പൊലീസിന്‍റെ സഹായം തേടി. നിയമവിരുദ്ധമായി കോടികള്‍ നികുതിവെട്ടിച്ച് നടത്തിയ കാര്‍ കള്ളക്കടത്തിന്‍റെ ഉള്ളറകളിലേക്ക് ഇറങ്ങി ചെന്നിരിക്കുകയാണ് കസ്റ്റംസ്. വിവിധ ഇടങ്ങളില്‍ ഓരോ സംഘങ്ങളാണ് ഇടനിലക്കാരായി നില്‍ക്കുന്നത്. ഇവര്‍ പരസ്പര ധാരണയോടെയാണ് വാഹനങ്ങള്‍ എത്തിക്കുന്നത്.
കേരളത്തിലേക്ക് വാഹനങ്ങള്‍ എത്തിച്ചതേറെയും കോയമ്പത്തൂര്‍ സംഘമാണെങ്കില്‍ മറ്റൊരു റാക്കറ്റ് ദില്ലിയിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കസ്റ്റംസ്. ഭൂട്ടാന്‍റെ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ ഇവര്‍ക്ക് ഏജന്‍റുമാരുണ്ട്. വാഹനം എത്തിക്കുന്നതും റജിസ്റ്റര്‍ ചെയ്യുന്നതുമെല്ലാം ഇവരാണ്. പണം നേരിട്ട് നല്‍കിയാണ് ഇടപാടുകളേറെയും. ഇവരിലേക്ക് കസ്റ്റംസ് എത്തിയത് കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചോദ്യം ചെയ്ത ആര്‍. സി ഉടമ മാഹിന്‍ അന്‍സാരിവഴിയും. താന്‍ കബളിപ്പിക്കപ്പെട്ടു എന്നാണ് മാഹിന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
മാഹിന്‍റെ ഫോണ്‍ കോള്‍ രേഖകള്‍, വാഹനത്തിന്‍റെ വിവരങ്ങള്‍ എല്ലാം കസ്റ്റംസ് ശേഖരിച്ചു. ദില്ലിയിലെ സംഘത്തിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകളാണ് ഇവ. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി മാഹിനെ തിങ്കളാഴ്ച വീണ്ടും വിളിപ്പിച്ചിട്ടുണ്ട്. ഇതിനെല്ലാമിടയിലും അനധികൃതമെന്ന് കംസ്റ്റസ് പട്ടികയാക്കിയ വാഹങ്ങളില്‍ കേവലം 38 എണ്ണം മാത്രമാണ് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെയില്‍ കണ്ടെത്താന്‍ സാധിച്ചത്. റെയ്ഡ് വിവരങ്ങള്‍ അറിഞ്ഞ് പലരും കാറുകള്‍ ഒളിപ്പിച്ചെന്ന് അറിഞ്ഞതോടെ പൊലീസിന്‍റെ സഹായം തേടിയിരിക്കുകയാണ് അന്വേഷണസംഘം.
വാഹനങ്ങളുടെ റജിസ്ട്രേഷന്‍ നമ്പറും ഉടമകളുടെ മേല്‍വിലാസമടങ്ങുന്ന വിവരങ്ങളും പൊലീസിന് കൈമാറി. ദുല്‍ഖര്‍ സല്‍മാന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയതിന് സമാനമായി കൂടുതല്‍ ആര്‍.സി ഉടമകള്‍ കാറുകള്‍ വിട്ടുകിട്ടാനായി നിയമനടപടി സ്വീകരിച്ചേക്കാമെന്നും അതിനാല്‍ പിടികൂടുന്ന വാഹങ്ങള്‍ നിയമവിരുദ്ധമെന്ന് കൃത്യമായി ഉറപ്പിക്കണമെന്നുമാണ് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് പോകുന്ന സംഘങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം.