മെറ്റ എഐയോട് ഇനി സൂക്ഷിച്ച് സംസാരിക്കുക! സക്കർബർഗിന്‍റെ പുതിയ പ്ലാൻ അമ്പരപ്പിക്കും

Mark Zuckerberg

കാലിഫോര്‍ണിയ: ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പരസ്യങ്ങൾ കാണിക്കാൻ പുതിയൊരു മാർഗം കണ്ടെത്തി മാർക്ക് സക്കർബർഗിന്‍റെ മെറ്റ. ജനറേറ്റീവ് എഐ ടൂളുകളുമായി നിങ്ങള്‍ നടത്തുന്ന സംഭാഷണങ്ങളെ അടിസ്ഥാനമാക്കി ഇനി മുതല്‍ മെറ്റ പ്ലാറ്റ്‌ഫോമുകളില്‍ പരസ്യ, ഉള്ളടക്ക നിര്‍ദ്ദേശങ്ങള്‍ പ്രത്യക്ഷപ്പെടും. മെറ്റയുടെ എഐ ഉൽപ്പന്നങ്ങളുമായി ആളുകള്‍ നടത്തുന്ന സംഭാഷണങ്ങളിൽ നിന്ന് ലഭിക്കുന്ന ഡാറ്റ ഉപയോഗിച്ച് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ടാർഗെറ്റുചെയ്‌ത പരസ്യങ്ങൾ വിൽക്കാൻ തുടങ്ങുമെന്നാണ് മെറ്റയുടെ പ്രഖ്യാപനം. മെറ്റ എഐ ഉപയോഗിക്കുന്ന എല്ലാ യൂസര്‍മാര്‍ക്കും ഈ അപ്‌ഡേറ്റ് ബാധകമായിരിക്കും.

സ്വകാര്യതാ നയം മാറും

പുതുക്കിയ സ്വകാര്യതാ നയത്തോടൊപ്പം ഡിസംബർ 16 മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരുമെന്നും വരും ദിവസങ്ങളിൽ ഉപയോക്താക്കളെ ഇതിനെക്കുറിച്ച് അറിയിക്കുമെന്നും മെറ്റ അറിയിച്ചു. സ്വകാര്യതാ നിയമങ്ങൾ ഉപഭോക്‌തൃ ഡാറ്റ ഉപയോഗിക്കാൻ കമ്പനിയെ അനുവദിക്കാത്ത ദക്ഷിണ കൊറിയ, യുകെ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളില്‍ ഒഴികെയുള്ള മെറ്റ പ്ലാറ്റ്‌ഫോമുകളില്‍ ഈ അപ്‌ഡേറ്റ് ബാധകമാകും. വിശദമായ പരസ്യ പ്രൊഫൈലുകൾ നിർമ്മിക്കുന്നതിന് മെറ്റ വളരെക്കാലമായി ഉപയോക്തൃ ഡാറ്റയെ ആശ്രയിച്ചിരുന്നു. ഇത് പരസ്യദാതാക്കൾക്ക് ടാര്‍ഗെറ്റ് ഗ്രൂപ്പുകളിലേക്ക് എളുപ്പം എത്തിച്ചേരാനുള്ള വഴികൾ നൽകുന്നു. എഐ ചാറ്റ്ബോട്ടുമായുള്ള സംഭാഷണങ്ങളും പരസ്യ, ഉള്ളടക്കം റെക്കമന്‍റേഷനുകള്‍ക്കായി മെറ്റ ഇനി മുതല്‍ ഉപയോഗിക്കുകയാണ്.

ഉദാഹരണത്തിന്, ആരെങ്കിലും മെറ്റ എഐയുമായി ഹൈക്കിംഗിനെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ അവർക്ക് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഔട്ട്ഡോർ ഗിയറുകളുടെ പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടേക്കാം. റേ-ബാൻ മെറ്റ സ്‌മാർട്ട് ഗ്ലാസുകൾ, എഐ ഇമേജ് ജനറേറ്റർ ഇമാജിൻ, എഐ-വീഡിയോ ഫീഡ് വൈബ്‌സ് എന്നിവയുൾപ്പെടെ മറ്റ് എഐ ഉൽപ്പന്നങ്ങളിൽ നിന്നുള്ള ഡാറ്റയും ഇത്തരത്തില്‍ പരസ്യ, ഉള്ളടക്ക റെക്കമന്‍റേഷനുകള്‍ക്കായി ഉപയോഗിക്കാന്‍ മെറ്റ പദ്ധതിയിടുന്നു. അതേസമയം മതം, രാഷ്ട്രീയം, ലൈംഗിക ആഭിമുഖ്യം, ആരോഗ്യം തുടങ്ങിയ സെൻസിറ്റീവ് വിഷയങ്ങളെക്കുറിച്ചുള്ള സംഭാഷണങ്ങൾ പരസ്യത്തിനായി ഉപയോഗിക്കില്ലെന്ന് മെറ്റ പറയുന്നു. ഓരോ മാസവും ഒരു ബില്യണിലധികം ആളുകൾ മെറ്റ എഐ ഉപയോഗിക്കുന്നുണ്ടെന്നും പലപ്പോഴും ആളുകള്‍ ദീർഘവും വിശദവുമായ സംഭാഷണങ്ങൾ നടത്തുന്നുണ്ടെന്നും കമ്പനി പറയുന്നു.

എഐ വച്ച് കൂടുതല്‍ പണം

ടെക് കമ്പനികൾ എങ്ങനെയാണ് എഐ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ധനസമ്പാദനം നടത്താൻ ശ്രമിക്കുന്നതെന്ന് ഈ നീക്കം എടുത്തുകാണിക്കുന്നു. ഓപ്പൺഎഐ അടുത്തിടെ ചാറ്റ്ജിപിടിയിൽ ഷോപ്പിംഗ് ടൂളുകൾ അവതരിപ്പിച്ചിരുന്നു. അതേസമയം ഗൂഗിൾ അതിന്‍റെ എഐ പവർഡ് സെർച്ചിൽ പരസ്യങ്ങൾ കൊണ്ടുവരാനുള്ള പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്‌തു. എഐ ഉൽപ്പന്നങ്ങളിൽ പരസ്യങ്ങൾ കാണിക്കാൻ ഉടനടി പദ്ധതിയില്ലെന്ന് മെറ്റ അധികൃതര്‍ വ്യക്തമാക്കി. എങ്കിലും ഭാവിയിൽ അത് സംഭവിക്കാമെന്ന് സിഇഒ മാർക് സക്കർബർഗ് പറയുന്നു.

മറുപടി രേഖപ്പെടുത്തുക