കൊച്ചി: ലാപ്ടോപ്പിന്റെ തുടർച്ചയായ തകരാർ പരിഹരിച്ച് നൽകാത്ത കമ്പനിയും ഡീലറും നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. മൂവാറ്റുപുഴ സ്വദേശിയും ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുമായ എബ്രഹാം പോൾ, ലാപ്ടോപ് നിർമ്മാണ കമ്പനിയായ എച്ച്പി ഇന്ത്യ, വിതരണക്കാരായ കടവന്ത്രയിൽ പ്രവർത്തിക്കുന്ന സിസ്മാൻടെക് എന്നിവർക്കെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്. പഠനാവശ്യത്തിനായി 2022 ജൂലൈയിൽ വാങ്ങിയ ലാപ്ടോപ്പിന് വാങ്ങി കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ട്രാക്ക്പാഡ്, മദർബോർഡ് തുടങ്ങിയ പ്രധാന ഭാഗങ്ങളിൽ തകരാറുകൾ സംഭവിക്കുകയും, കമ്പനിയുടെ സർവീസുകൾ ഫലപ്രദമാകാതിരിക്കുകയും ചെയ്തത് ചൂണ്ടിക്കാട്ടിയാണ് ഉപഭോക്താവ് കമ്മിഷനെ സമീപിച്ചത്.
പലതവണ സർവീസ് ചെയ്തിട്ടും പ്രശ്നം പരിഹരിക്കാൻ കഴിയാതിരുന്നതും, പ്രധാന സ്പെയർ പാർട്സുകൾ ലഭ്യമല്ല എന്ന് കമ്പനി സൂചിപ്പിച്ചതും സേവനത്തിലെ ഗുരുതര വീഴ്ചയും അന്യായമായ വ്യാപാരരീതിയുമാണെന്ന് ഡി. ബിനു അധ്യക്ഷനും വി രാമചന്ദ്രൻ , ശ്രീവിദ്യ ടി.എൻ എന്നിവർ അംഗങ്ങളുമായ ബെഞ്ച് കണ്ടെത്തി. പ്രൊഫഷണൽ, പഠന ആവശ്യങ്ങൾക്കായി വാങ്ങിയ ഉപകരണം തുടർച്ചയായ തകരാറുകൾ കാരണം ഉപയോഗിക്കാൻ കഴിയാതെ വന്നത് ഉപഭോക്താവിന്റെ പഠനം ബുദ്ധിമുട്ടിലാക്കുകയും ഇത് മാനസിക പ്രയാസങ്ങൾക്കും അസൗകര്യങ്ങൾക്കും ഇടയാക്കിയെന്ന് കമ്മീഷൻ നിരീക്ഷിച്ചു.
തകരാറിലായ ലാപ്ടോപ് തിരികെ എടുത്ത്, ലാപ്ടോപ്പിന്റെ വിലയായ ₹1,14,000/- (ഒരു ലക്ഷത്തി പതിനാലായിരം) രൂപ തിരികെ നൽകാനും മാനസിക ബുദ്ധിമുട്ടിനും അസൗകര്യങ്ങൾക്കും ഇരുപതിനായിരം രൂപയും കോടതി ചെലവായി 5,000/- രൂപയും 45 ദിവസത്തിനകം എതിർകക്ഷികൾ പരാതിക്കാരന് നൽകണമെന്ന് ഉത്തരവിട്ടു. പരാതിക്കാരന് വേണ്ടി അഡ്വ. ടോം ജോസഫ് ഹാജരായി.