ചെന്നൈയിൽ പക്ഷിപ്പനി ഭീഷണി: ആയിരത്തിലേറെ കാക്കകൾ ചത്തതായി റിപ്പോർട്ട്

ചെന്നൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി കോഴികളും കാക്കകളും മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പക്ഷിപ്പനി (ഏവിയൻ ഇൻഫ്ലുവൻസ) വ്യാപന ഭീഷണി ഉയർന്നിരിക്കുകയാണ്. ലാബ് പരിശോധനകളിൽ H5N1 വൈറസ് സ്ഥിരീകരിച്ചതോടെയാണ് ജാഗ്രത ശക്തമാക്കിയത്. അട്യാർ, വെളാചേരി, തിരുവാണ്മിയൂർ, ഈസ്റ്റ് കോസ്റ്റ് റോഡ് എന്നിവിടങ്ങളിലായി ഏകദേശം 1,000 മുതൽ 1,500 വരെ കാക്കകൾ ചത്തതായാണ് റിപ്പോർട്ട്. മുൻകരുതൽ നടപടികൾ ശക്തിപ്പെടുത്താൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനോട് നിർദേശം നൽകിയിട്ടുണ്ട്.

പക്ഷികളിൽ കാണുന്ന ഒരു സാംക്രമിക വൈറസ് രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയൻ ഇൻഫ്ലുവൻസ (H5N1). സാധാരണയായി പക്ഷികളിൽ നിന്ന് പക്ഷികളിലേക്കാണ് രോഗം പകരുന്നത്. മനുഷ്യരിലേക്ക് സാധാരണഗതിയിൽ പകരാറില്ലെങ്കിലും, അപൂർവമായി വൈറസിന് ജനിതക മാറ്റം സംഭവിക്കുമ്പോൾ മനുഷ്യരിലേക്കും പകരാൻ സാധ്യതയുണ്ട്. അത്തരത്തിലുള്ള ബാധ ഗുരുതര രോഗങ്ങൾക്ക് കാരണമാകാം.

കോഴി, താറാവ്, കാട, വാത്ത, ടർക്കി, അലങ്കാര പക്ഷികൾ തുടങ്ങി എല്ലാ തരത്തിലുള്ള പക്ഷികളെയും രോഗം ബാധിക്കാം. രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർ, വളർത്തുപക്ഷികളെ പരിചരിക്കുന്നവർ, കുട്ടികൾ, വീട്ടമ്മമാർ, കശാപ്പുകാർ, വെറ്റിനറി ഡോക്ടർമാർ എന്നിവരും ബന്ധപ്പെട്ട മറ്റ് ജീവനക്കാരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

മറുപടി രേഖപ്പെടുത്തുക