യുഎൻ ഉദ്യോ​ഗസ്ഥരെ തടവിലാക്കി ഹൂതി വിമതർ, ഇടപെട്ട് ഐക്യരാഷ്ട്ര സഭ

Houthi Rebels

കെയ്റോ: യമൻ തലസ്ഥാനമായ സനായിലെ യുഎൻ കേന്ദ്രം റെയ്ഡ് ചെയ്തതിന് പിന്നാലെ, ഇറാനിയൻ പിന്തുണയുള്ള ഹൂതി വിമതർ 25ഓളം യുഎൻ ജീവനക്കാരെ കസ്റ്റഡിയിലെടുത്തതായി യുഎൻ ഉദ്യോഗസ്ഥൻ അറിയിച്ചു. സനായിലെ തെക്കുപടിഞ്ഞാറൻ ഭാ​ഗമായ ഹാദയിലെ ഓഫിസിനുള്ളിൽ യുഎൻ ജീവനക്കാരെ തടഞ്ഞുവച്ചതായി യെമനിലെ യുഎൻ റസിഡന്റ് കോർഡിനേറ്ററുടെ വക്താവ് ജീൻ ആലം അസോസിയേറ്റഡ് പ്രസ്സിനോട് സ്ഥിരീകരിച്ചു. കസ്റ്റഡിയിലായവരിൽ അഞ്ച് യെമൻ പൗരന്മാരും 15 അന്താരാഷ്ട്ര ജീവനക്കാരും ഉൾപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചോദ്യം ചെയ്യലിനുശേഷം വിമതർ 11 യുഎൻ ജീവനക്കാരെ വിട്ടയച്ചതായി അദ്ദേഹം പറഞ്ഞു.

ഗുരുതരമായ സാഹചര്യം എത്രയും വേഗം പരിഹരിക്കുന്നതിനും, എല്ലാ ഉദ്യോഗസ്ഥരുടെയും തടങ്കൽ അവസാനിപ്പിക്കുന്നതിനും, സനായിലെ തങ്ങളുടെ സൗകര്യങ്ങളുടെ പൂർണ നിയന്ത്രണം പുനഃസ്ഥാപിക്കുന്നതിനുമായി ഹൂതികളുമായും മറ്റ് കക്ഷികളുമായും ഐക്യരാഷ്ട്രസഭ ബന്ധപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫോണുകൾ, സെർവറുകൾ, കമ്പ്യൂട്ടറുകൾ എന്നിവയുൾപ്പെടെ എല്ലാ ആശയവിനിമയ ഉപകരണങ്ങളും വിമതർ പിടിച്ചെടുത്തതായും ഉദ്യോ​ഗസ്ഥർ പറഞ്ഞു. വേൾഡ് ഫുഡ് പ്രോഗ്രാം, യുണിസെഫ്, ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് എന്നിവയുൾപ്പെടെ നിരവധി യുഎൻ ഏജൻസികളിൽ നിന്നുള്ളവരാണ് അറസ്റ്റിലായ ജീവനക്കാരെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

സന, തീരദേശ നഗരമായ ഹൊദൈദ, വടക്കൻ യെമനിലെ സാദ പ്രവിശ്യയിലെ വിമത ശക്തികേന്ദ്രം എന്നിവയുൾപ്പെടെ യെമനിലെ വിമത നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയ്ക്കും മറ്റ് അന്താരാഷ്ട്ര സംഘടനകൾക്കുമെതിരെ ഹൂതികൾ രം​ഗത്തെത്തിയിരുന്നു. 50-ലധികം യുഎൻ ജീവനക്കാർ ഉൾപ്പെടെ ഡസൻ കണക്കിന് ആളുകളെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ വർഷം ആദ്യം സാദയിൽ ഒരു വേൾഡ് ഫുഡ് പ്രോഗ്രാം പ്രവർത്തകൻ തടങ്കലിൽ മരിച്ചിരുന്നു. തടവിലാക്കപ്പെട്ട യുഎൻ ജീവനക്കാരും മറ്റ് അന്താരാഷ്ട്ര ഗ്രൂപ്പുകളിലും വിദേശ എംബസികളിലും പ്രവർത്തിക്കുന്നവരും ചാരന്മാരാണെന്ന് വിമതർ ആവർത്തിച്ച് ആരോപിച്ചു. അതേസമയം, ആരോപണങ്ങൾ യുഎൻ നിഷേധിച്ചു.

ജനുവരിയിൽ എട്ട് ജീവനക്കാരെ കസ്റ്റഡിയിലെടുത്തതിനെത്തുടർന്ന് വടക്കൻ യെമനിലെ സാദ പ്രവിശ്യയിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഐക്യരാഷ്ട്രസഭ നിർബന്ധിതമായി. ഭീഷണിയെ തുടർന്ന് മാനുഷ്യാവകാശ കോർഡിനേറ്ററെ സനായിൽ നിന്ന് തീരദേശ നഗരമായ ഏഡനിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.

മറുപടി രേഖപ്പെടുത്തുക