2026 പുതുവർഷത്തെ വരവേൽക്കാൻ ഷാർജ സജ്ജം; വർണ്ണവിസ്മയം തീർക്കുന്ന കരിമരുന്ന് പ്രയോഗങ്ങളും കലാവിരുന്നുകളും

കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗങ്ങളും വൈവിധ്യമാർന്ന കലാപരിപാടികളുമായി 2026-നെ വരവേൽക്കാൻ ഷാർജ ഒരുങ്ങിക്കഴിഞ്ഞു. ഷാർജ നിക്ഷേപ വികസന അതോറിറ്റിയും (ഷുറൂഖ്) ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിയും ചേർന്നാണ് എമിറേറ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വൻ പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.

ഈ വർഷം മൂന്ന് പ്രധാന കേന്ദ്രങ്ങളിലായി പത്ത് മിനിറ്റ് നീണ്ടുനിൽക്കുന്ന വിപുലമായ കരിമരുന്ന് പ്രയോഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സന്ദർശകർക്ക് മനോഹരമായ ദൃശ്യവിരുന്ന് ഒരുക്കുക എന്നതാണ് ലക്ഷ്യം.

കുടുംബങ്ങൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിൽ നഗരമാകെ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും ആവശ്യമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം, പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സംഗീത-നൃത്ത-കലാപരിപാടികളും അരങ്ങേറും.

പുതുവർഷാഘോഷങ്ങൾ ഗംഭീരമാക്കാൻ ആയിരക്കണക്കിന് ആളുകൾ ഷാർജയിലേക്ക് എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

മറുപടി രേഖപ്പെടുത്തുക