ബെംഗളൂരു: സംസ്ഥാനത്ത് നവംബറിൽ മുഖ്യമന്ത്രി മാറുമെന്ന അഭ്യൂഹത്തെക്കുറിച്ച് ചോദ്യമുന്നയിച്ച് മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ നവംബറിൽ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന അഭ്യൂഹത്തെക്കുറിച്ച് വിധാൻസൗധയിൽ വെച്ച് അഭിപ്രായം ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി ക്ഷോഭിച്ചത്. ആരാണ് നിന്നോട് പറഞ്ഞത്? ശിവകുമാർ നിന്നോട് ഇത് പറഞ്ഞോയെന്ന് സിദ്ധരാമയ്യ ചോദിച്ചു.
സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ നവംബർ 20 ന് രണ്ടര വർഷം പൂർത്തിയാക്കും. സിദ്ധരാമയ്യയുമായുള്ള അധികാര പങ്കിടൽ കരാർ പ്രകാരം നവംബർ 20 ന് ശേഷം കർണാടക കോൺഗ്രസ് പ്രസിഡന്റ് കൂടിയായ ശിവകുമാർ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് രാഷ്ട്രീയ വൃത്തങ്ങളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നു. എന്നാൽ ഇക്കാര്യത്തിൽ സിദ്ധരാമയ്യയോ ശിവകുമാറോ ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല. എല്ലാം ഹൈക്കമാൻഡ് പറയുമെന്നാണ് പാർട്ടി നേതാക്കളും പറയുന്നത്. സിദ്ധരാമയ്യയെ മാറ്റിയാൽ ദളിത് വിഭാഗത്തിൽ നിന്നുള്ള ഒരാൾ മുഖ്യമന്ത്രിയാകണമെന്ന ആവശ്യവും ഉയരുന്നു.
