‘പഴയ വട്ട് തന്നെ, ഇപ്പോള്‍ പുതിയ പേരിട്ടു’; മാനസികാരോഗ്യത്തെ പരിഹസിച്ച് കൃഷ്ണപ്രഭ

Krishnaprabha

മാനസികാരോഗ്യത്തെ കുറിച്ച് വിവാദ പരാമർശവുമായി നടി കൃഷ്ണപ്രഭ. പണിയൊന്നുമില്ലാതെ ഇരിക്കുന്നത് കൊണ്ടാണ് ഡിപ്രഷൻ ഉണ്ടാവുന്നതെന്നാണ് കൃഷ്ണപ്രഭ പൊട്ടിചിരിച്ചുകൊണ്ട് ഒരു അഭിമുഖത്തിൽ പറയുന്നത്. ആളുകൾ ഡിപ്രഷൻ, മൂഡ് സ്വിങ്സ് എന്നൊക്കെ പറയുമെങ്കിലും പഴയ വട്ട് തന്നെയാണ് അതെന്നും, ഇപ്പോൾ ഡിപ്രഷനെന്ന പേരിട്ടിരിക്കുകയാണെന്നും കൃഷ്ണപ്രഭ കൂട്ടിച്ചേർത്തു.

“കയ്യില്‍ വന്ന സിനിമകളൊക്കെ പോയപ്പോള്‍ ആദ്യമൊക്കെ ഞാന്‍ കരഞ്ഞിട്ടുണ്ട്. അവസാന നിമിഷം മാറിപ്പോയിട്ടുണ്ട്. ഒരാഴ്ചയൊക്കെ നിര്‍ത്താതെ കരയും. വരാനുള്ളത് നമുക്ക് തന്നെ വരുമെന്ന് പിന്നെ മനസിലായി. കറങ്ങിത്തിരിഞ്ഞ് അങ്ങനെ വന്നിട്ടുണ്ട്. ഞാന്‍ ചെയ്തതില്‍ ചിലതൊന്നും ഞാന്‍ ചെയ്യേണ്ട കഥാപാത്രങ്ങളല്ല. എന്നെ സംബന്ധിച്ച് ഒരു ദിവസം പോയിക്കിട്ടാന്‍ ഒരു പാടുമില്ല.” കൃഷ്ണപ്രഭ പറയുന്നു.

‘പഴയ വട്ട് തന്നെ, ഇപ്പോള്‍ ഡിപ്രഷന്‍’

“രാവിലെ എഴുന്നേറ്റ് രണ്ട് പാട്ട് പ്രാക്ടീസ് ചെയ്യുക. അപ്പോള്‍ ഉച്ചയാകും. ഉച്ച കഴിയുമ്പോള്‍ അടുത്ത പാട്ട് പ്രാക്ടീസ് ചെയ്യുക. സമയം പോയി. ഇപ്പോള്‍ ആളുകളുടെ വലിയ പ്രശ്‌നം പറയുന്നത് കേള്‍ക്കാം. ഓവര്‍ തിങ്കിങ് ആണ്, ഭയങ്കര ഡിപ്രഷന്‍ ആണ്, പിന്നെ എന്തൊക്കയോ പുതിയ വാക്കുകള്‍ വരുന്നുണ്ടല്ലോ. മൂഡ് സ്വിങ്‌സ് എന്നൊക്കെ. ഞങ്ങള്‍ തമാശയ്ക്ക് പറയും, പഴയ വട്ട് തന്നെ, ഇപ്പോള്‍ ഡിപ്രഷന്‍. പുതിയ പേരിട്ടു.” കൃഷ്ണപ്രഭ കൂട്ടിച്ചേർത്തു.

നിരവധി പേരാണ് നടിയുടെ പരാമർശത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. നടിയും മോഡലുമായ സാനിയ അയ്യപ്പൻ കൃഷ്ണപ്രഭയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. മാനസികാരോഗ്യത്തെ കുറിച്ച് വളരെയധികം പ്രാധാന്യത്തോടെ സംസാരിക്കുന്ന ഒരു സമൂഹത്തിലിരുന്ന് കൊണ്ട് ഇത്തരം ഉത്തരവാദിത്തപരമല്ലാത്ത തരത്തിലുള്ള പരാമർശങ്ങൾ വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ് എന്നാണ് നിരവധി പേർ കമന്റ് ചെയ്യുന്നത്.

മറുപടി രേഖപ്പെടുത്തുക