തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് രാഷ്ട്രപിതാവിനെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് എൻ. കെ. പ്രേമചന്ദ്രൻ എംപി ആരോപിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ സത്ത തന്നെ ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും, ആർ.എസ്.എസ് അജണ്ടയുടെ ഭാഗമായാണ് പേര് മാറ്റം നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ശശി തരൂർ എംപിക്കെതിരെയും എൻ. കെ. പ്രേമചന്ദ്രൻ വിമർശനം ഉന്നയിച്ചു. ശശി തരൂരിനെ നിയന്ത്രിക്കണോ എന്നത് കോൺഗ്രസ് തീരുമാനിക്കേണ്ട കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റത്തിലൂടെ തൊഴിലവകാശത്തെ ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയാക്കി മാറ്റുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്നും, ഇത് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന നിയമനിർമ്മാണമാണെന്നും എൻ. കെ. പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, 2005ൽ ആരംഭിച്ചപ്പോൾ 100 ദിവസത്തെ തൊഴിൽ ഉറപ്പ് നൽകിയിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ബി.ജെ.പി അധികാരത്തിൽ വന്നതുമുതൽ പദ്ധതിയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും, തൊഴിൽ ദിനങ്ങൾ 125 ആക്കുമ്പോൾ അതിന്റെ 40 ശതമാനം ചെലവ് സംസ്ഥാനങ്ങൾ വഹിക്കണമെന്ന് പറയുമ്പോൾ കേന്ദ്ര സർക്കാർ ഏത് തരത്തിലുള്ള തൊഴിൽ ഉറപ്പാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
പദ്ധതിക്ക് “വി.ബി.ജി. റാം ജി” എന്ന പേരാണ് നൽകാൻ പോകുന്നതെന്നും, ഹിന്ദി, സംസ്കൃതം, ഇംഗ്ലീഷ് ഭാഷകൾ ചേർത്തുള്ള ഈ സംയോജിത നാമകരണത്തിന് പിന്നിൽ ആർ.എസ്.എസ് അജണ്ടയാണെന്നും എൻ. കെ. പ്രേമചന്ദ്രൻ ആരോപിച്ചു. ബിഹാർ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് എന്തും നടപ്പാക്കാമെന്ന മനോഭാവത്തിലാണ് പുതിയ നിയമമെന്നും, ഫെഡറൽ ജനാധിപത്യ സ്വഭാവം ഇല്ലാത്ത ബില്ലാണിതെന്നും അദ്ദേഹം പറഞ്ഞു.
ഈ ബിൽ പൂർണമായും ഫെഡറൽ ജനാധിപത്യ സംവിധാനത്തിന് വിരുദ്ധമാണെന്നും, പാർലമെന്റിൽ പ്രതിപക്ഷം ശക്തമായി എതിർക്കുമെന്നും എൻ. കെ. പ്രേമചന്ദ്രൻ വ്യക്തമാക്കി.
