വികസന പ്രവർത്തനങ്ങളെ സങ്കുചിത രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് അപക്വം: മന്ത്രി വി ശിവൻകുട്ടി

നഗരസഭാ അതിർത്തിക്കുള്ളിൽ മാത്രമേ സ്മാർട്ട് സിറ്റി ഇലക്ട്രിക് ബസുകൾ സർവീസ് നടത്താവൂ എന്ന മേയർ വി.വി. രാജേഷിന്റെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി വി. ശിവൻകുട്ടി ശക്തമായ വിമർശനം ഉന്നയിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ ഇന്ത്യയിൽ നിന്ന് വേറിട്ടുനിൽക്കുന്ന ‘സ്വതന്ത്ര രാജ്യം’ അല്ലെന്നും, വികസന പ്രവർത്തനങ്ങളെ സങ്കുചിത രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് അപക്വമാണെന്നും മന്ത്രി പറഞ്ഞു.

നഗരസഭാ അതിർത്തിയിൽ വരമ്പുവെച്ച് ഗതാഗത സൗകര്യം തടയാനുള്ള ശ്രമം വികസന വിരുദ്ധമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന ഇത്തരം നിലപാടുകൾ മേയർ അവസാനിപ്പിക്കണമെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

സ്മാർട്ട് സിറ്റി പദ്ധതിയുടെ സാമ്പത്തിക യാഥാർത്ഥ്യങ്ങൾ മറച്ചുവെച്ച് മേയർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മന്ത്രി ആരോപിച്ചു. കേന്ദ്രവും സംസ്ഥാനവും 500 കോടി രൂപ വീതം അനുവദിച്ച പദ്ധതിയിൽ കോർപ്പറേഷന്റെ വിഹിതം 135.7 കോടി രൂപ മാത്രമാണെന്നും, പദ്ധതിയുടെ 60 ശതമാനത്തിലധികം തുക സംസ്ഥാന ഖജനാവിൽ നിന്നാണ് ചെലവഴിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലുള്ള 113 ഇലക്ട്രിക് ബസുകളിൽ 50 എണ്ണം കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും, സ്മാർട്ട് സിറ്റി–കോർപ്പറേഷൻ–കെ.എസ്.ആർ.ടി.സി ത്രികക്ഷി കരാർ പ്രകാരമാണ് ബസുകൾ സർവീസ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ബസുകളുടെ അറ്റകുറ്റപ്പണി, ജീവനക്കാർ, ടിക്കറ്റിംഗ് ഉൾപ്പെടെയുള്ള എല്ലാ നിയന്ത്രണങ്ങളും കെ.എസ്.ആർ.ടി.സിക്കാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

നഗര ഗതാഗത ക്രമീകരണത്തിൽ ഏകപക്ഷീയമായി തീരുമാനമെടുക്കാൻ മേയർക്ക് അധികാരമില്ലെന്നും, സർവീസ് കാര്യങ്ങൾ പരിശോധിക്കുന്ന ഉപദേശക സമിതിയുടെ അധ്യക്ഷൻ എന്ന നിലയിലുമാത്രമാണ് മേയറുടെ പദവിയെന്നും ശിവൻകുട്ടി വ്യക്തമാക്കി.

വിദേശികളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമടങ്ങിയ ആയിരക്കണക്കിന് ആളുകൾ എത്തുന്ന തലസ്ഥാന നഗരിയിൽ പ്രായോഗിക ബുദ്ധിയോടെ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. മുൻ മേയർമാരായ വി.കെ. പ്രശാന്തും ആര്യ രാജേന്ദ്രനും വികസന കാര്യങ്ങളിൽ പുലർത്തിയ ക്രിയാത്മക കാഴ്ചപ്പാടുകളുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ മേയർ ഏറെ പിന്നിലാണെന്ന് ജനങ്ങൾക്ക് ബോധ്യമാകുമെന്നും മന്ത്രി പരിഹസിച്ചു.

മറുപടി രേഖപ്പെടുത്തുക