കേസുകൾ മറച്ചുവെച്ചെന്നാരോപിച്ച് ബിജെപി സ്ഥാനാർത്ഥിക്കെതിരെ എൽഡിഎഫ് പരാതി നൽകി. തിരുവനന്തപുരം കോർപ്പറേഷനിലെ നെടുങ്കാട് ഡിവിഷനിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന ബീന ആർ. സിക്കെതിരെയാണ് എൽഡിഎഫിന്റെ ഔദ്യോഗിക പരാതി.
ക്രിമിനൽ കേസുകൾ ഉൾപ്പെടെ ഇരുപതിലധികം കേസുകൾ ബീന മറച്ചുവെച്ചുവെന്നാണ് പരാതിയുടെ ഉള്ളടക്കം. വിവിധ പോലീസ് സ്റ്റേഷനുകളിലായി ബീന ആർ. സിക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്നും, ഇതൊന്നും നാമനിർദ്ദേശ പത്രികയിൽ വ്യക്തമാക്കിയില്ലെന്നും എൽഡിഎഫ് ആരോപിക്കുന്നു. അതിനാൽ പത്രിക തള്ളണമെന്ന ആവശ്യവുമായി എൽഡിഎഫ് മുന്നോട്ടു വന്നു.
പരാതിയുമായി ബന്ധപ്പെട്ട ഹിയറിംഗ് നാളെയാണ്. ബിജെപി ജില്ലാ വൈസ് പ്രസിഡന്റായ ബീന ആർ. സി കഴിഞ്ഞ തിരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ഫോർട്ട്, കന്റോൺമെന്റ്, തിരുവല്ലം എന്നിവിടങ്ങളിലെ സ്റ്റേഷനുകളിൽ ബീനയ്ക്കെതിരെ ഒരുപാട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എൽഡിഎഫ് പറയുന്നു. ആറ്റുകാൽ വാർഡിലെ കൗൺസിലറായിരുന്ന സമയത്ത് നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിജിലൻസ് കേസും നിലവിലുണ്ടെന്നാണ് പരാതിയുടെ ഉള്ളടക്കം .
