തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ട എംഎൽഎ ആന്റണി രാജുവിനെ അയോഗ്യനാക്കി നിയമസഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറത്തിറക്കി. കേസിൽ മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചതിനെ തുടർന്നാണ് നടപടി. തിരുവനന്തപുരം നെടുമങ്ങാട് ഒന്നാം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയായിരുന്നു ശിക്ഷ വിധിച്ചത്.
1990 ഏപ്രിൽ 4ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച രണ്ട് പാക്കറ്റ് ചരസുമായി ഒരു ഓസ്ട്രേലിയൻ പൗരൻ പിടിയിലായ കേസിലാണ് ആന്റണി രാജു രണ്ടാം പ്രതിയായത്. തൊണ്ടിമുതൽ കേസിൽ ആന്റണി രാജു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഈ കേസിൽ പ്രതിയെ ഹൈക്കോടതി പിന്നീട് വെറുതെ വിട്ടിരുന്നു. കോടതി കസ്റ്റഡിയിലിരുന്ന തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം നടന്നതായാണ് ഹൈക്കോടതി കണ്ടെത്തിയത്.
തിരുവനന്തപുരത്ത് അഭിഭാഷകനായിരിക്കെ, കോടതിയിലെ ക്ലർക്കിനെ സ്വാധീനിച്ച് തൊണ്ടിമുതൽ മാറ്റിയെന്നാണ് ആന്റണി രാജുവിനെതിരായ കുറ്റം. ഗൂഢാലോചനയ്ക്ക് ആറുമാസം തടവും, തെളിവ് നശിപ്പിച്ചതിന് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കിയതിന് മൂന്ന് വർഷം തടവുമാണ് കോടതി ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി കെ.എസ്. ജോസിനും ഇതേ ശിക്ഷയാണ് നൽകിയത്.
ശിക്ഷാവിധിക്ക് പിന്നാലെ അപ്പീൽ നൽകുമെന്ന് അറിയിച്ച് പ്രതികൾ ജാമ്യാപേക്ഷ സമർപ്പിച്ചു. തുടർന്ന് രണ്ട് ആൾജാമ്യത്തിൽ ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചു.
