കോഴിക്കോട്: സമസ്തയിൽ വീണ്ടും ലീഗ് അനുകൂലികൾക്കെതിരെ നീക്കം. പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുതുബയിനിൽ നിന്ന് ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി രാജിവച്ചു. നാസർ ഫൈസിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന സാഹചര്യത്തിലാണ് രാജി. നാളെ വാർത്താസമ്മേളനം വിളിച്ചു കാര്യങ്ങൾ വ്യക്തമാക്കുമെന്ന് നാസർ ഫൈസി കൂടത്തായി അറിയിച്ചു. ചൊവ്വാഴ്ച കോഴിക്കോട്ട് ചേർന്ന സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ സംസ്ഥാന പ്രവർത്തക സമിതി യോഗത്തിലാണ് നാസർ ഫൈസി കൂടത്തായിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. സംഘടനയുടെ ജനറൽ സെക്രട്ടറിയാണ് ലീഗ് അനുകൂലി അനുകൂല ചേരിയുടെ നേതാവായ നാസർ ഫൈസി. സമസ്തയുടെ പോഷക സംഘടനകളിൽ നിന്ന് ലീഗ് അനുകൂലികളെ പുറന്തള്ളുന്നതിന്റെ ഭാഗമായിട്ട് കൂടിയാണ് നാസർ ഫൈസിക്കെതിരെ നീക്കം നടന്നത്.
ഈ മാസം 24 നു തന്നെ താൻ രാജി സമർപ്പിച്ചതായി നാസർ ഫൈസി കൂടത്തായി അറിയിച്ചു. സമസ്ത നേതാക്കളേയും പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളേയും സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച ഭാരവാഹികൾക്കെതിരെ നടപടി എടുക്കണമെന്ന് പ്രസിഡൻ്റിന് നൽകിയ കത്തിൽ ആവശ്യപ്പെടാത്തതായും അദ്ദേഹം പറഞ്ഞു. ഒരിടക്കാത്തിനുശേഷം സമസ്ത ലീഗ് തർക്കം വീണ്ടും രൂക്ഷമാവുകയാണ്. ഇടക്കാലത്ത് സാദിഖലി തങ്ങളും ജിഫ്രി തങ്ങളും മുൻകൈയെടുത്ത് സമവായ നീക്കങ്ങൾ നടത്തിയെങ്കിലും പുതിയ സംഭവവികാസങ്ങളോടെ ചേരിപോര് വീണ്ടും രൂക്ഷമാവുകയാണ്. നേരത്തെ ലീഗ് അനുകൂലിയായ മുസ്തഫൽ ഫൈസിയെ സമസ്ത മുശാവറയിൽ നിന്ന് പുറത്താക്കിയിരുന്നു. അദ്ദേഹത്തെ തിരിച്ചെടുക്കാനും പ്രശ്നം പരിഹരിക്കാനോ സമസ്ത നേതൃത്വം തയ്യാറായിട്ടില്ല.