സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന ചടങ്ങിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അറുപത്തിനാലാമത് കേരള സംസ്ഥാന സ്കൂൾ കലോത്സവം 2026 ജനുവരി 14 മുതൽ 18 വരെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിലെ വിവിധ വേദികളിലായി സംഘടിപ്പിക്കും.
കലോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും പ്രധാന ഔദ്യോഗിക ചടങ്ങുകൾ നിർവഹിക്കുന്നതിനുമായി 2025 ഡിസംബർ 20ന് തൃശൂരിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു എന്നിവരും പരിപാടികളിൽ പങ്കെടുക്കും.
ഡിസംബർ 20ന് രാവിലെ 11 മണിക്ക് തേക്കിൻകാട് മൈതാനത്ത് കലോത്സവ പന്തലിന്റെ കാൽനാട്ട് കർമ്മം നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് തൃശൂർ ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്വാഗതസംഘം ഓഫീസിൽ കലോത്സവ ലോഗോ പ്രകാശനം, മീഡിയ അവാർഡ് പ്രഖ്യാപനം, പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനം എന്നിവയും നടക്കും.
