എസ്ഐആർ; വിദ്യാർഥികളെ ക്ലാസുകളിൽ നിന്നും മാറ്റിനിർത്തിയാൽ പഠനത്തെയും പരീക്ഷകളെയും ബാധിക്കും: മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന സർക്കാർ എസ്‌.ഐ‌.ആർ ജോലികൾക്കായി വിദ്യാർത്ഥികളെ വിട്ടുകൊടുക്കില്ലെന്ന നിലപാട് വീണ്ടും വ്യക്തമാക്കി. 10 ദിവസത്തിലധികം ക്ലാസുകളിൽ നിന്ന് വിദ്യാർത്ഥികളെ മാറ്റിനിർത്തുന്നത് പഠനത്തെയും പരീക്ഷകളെയും പ്രതികൂലമായി ബാധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ആരോപണങ്ങളുടെയും പശ്ചാത്തലത്തിലാണ് മന്ത്രി ഈ വിശദീകരണം നൽകിയത്.

വിദ്യാഭ്യാസ അവകാശനിയമപ്രകാരം വിദ്യാർത്ഥികളുടെ പഠനസമയം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാഠ്യേതര പ്രവർത്തനങ്ങളുടെയും സാമൂഹ്യ സേവനങ്ങളുടെയും ഭാഗമായി എൻ.എസ്.എസ്., എൻ.സി.സി. എന്നീ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയാലും, അധ്യയനദിവസങ്ങളിൽ തുടർച്ചയായി ക്ലാസ് നഷ്ടപ്പെടുത്തി ഓഫീസ് ജോലികൾക്കും ഫീൽഡ് പ്രവർത്തനങ്ങൾക്കും കുട്ടികളെ നിയോഗിക്കുന്നത് ശരിയല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

റവന്യൂ ഉഗ്യോഗസ്ഥരുടെ നീക്കം ഏതുവിധേനയും അംഗീകരിക്കാനാവില്ലെന്നും വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാത്ത മറ്റു ഔദ്യോഗിക ചുമതലകൾക്കായി വിദ്യാർത്ഥികളെ ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശത്തെ ലംഘിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക