തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാൻസ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയ തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് വിജിലന്‍സ് എസ്പിയായിരുന്ന ശശിധരനെ വീണ്ടും അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചു. വിജിലന്‍സ് എസ്പിയായിരുന്ന ശശിധരനെ പൊലീസ് അക്കാദമിയിലേക്ക് സ്ഥലംമാറ്റിയിരുന്നു. എസ്പി ശശിധരന് അന്വേഷണം ചുമതല തിരികെ നൽകാൻ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് ഉദ്യോഗസ്ഥനമെ മാറ്റിയ തീരുമാനം സര്‍ക്കാര്‍ റദ്ദാക്കിയത്.
എസ് ശശിധരനെ അന്വേഷണ ഉദ്യോഗസ്ഥനായി നിലനിര്‍ത്താമെന്ന് ഹൈക്കോടതിയിൽ നൽകിയ ഉറപ്പിൽ നിന്ന് പിന്നോട്ടുപോയാണ് സര്‍ക്കാര്‍ നേരത്തെ ഇത്തരമൊരു തീരുമാനമെടുത്തത്. വിജിലന്‍സിൽ നിന്ന് സ്ഥലം മാറി പോകുന്നുണ്ടെങ്കിലും ശശിധരൻ തന്നെ മൈക്രോഫിനാൻസ് കേസ് അന്വേഷിക്കുമെന്നായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയിൽ നൽകിയ ഉറപ്പ്. എന്നാൽ, ആഭ്യന്തര സെക്രട്ടറി തന്നെ നേരിട്ട് ഹൈക്കോടതിയിലെത്തി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നേരത്തെ എസ്പി അന്വേഷിച്ചിരുന്ന കേസ് ഡിഐജി തലത്തിലുള്ള ഉദ്യോഗസ്ഥനെ ഏൽപ്പിക്കാമെന്നായിരുന്നു ആഭ്യന്തര സെക്രട്ടറി നൽകിയ വിശദീകരണം.മൈക്രോ ഫിനാനസ് കേസിൽ സര്‍ക്കാര്‍ ഫണ്ടിന്റെ ദുരുപയോഗമാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. ഒക്ടോബറിൽ കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി സമയപരിധി നിശ്ചയിച്ച് നൽകിയിരുന്നു. ഇതിനിടെയാണ് ഉദ്യോഗസ്ഥനെ മാറ്റാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയത്. എന്നാൽ, ശശിധരനെ തന്നെ നിയമിക്കാൻ ഹൈക്കോടതി നിര്‍ദേശം നൽകുകയായിരുന്നു.