രാഷ്ട്രീയ എതിരാളികൾ പോലും സ്തംഭിച്ചുപോയ കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ കേരളം കണ്ടത്. കൽപറ്റയിലെയും കണ്ണൂരിലെയും തെരുവുകൾ അക്ഷരാർത്ഥത്തിൽ ജനസാഗരമായി മാറിയപ്പോൾ, അത് രമേശ് ചെന്നിത്തല എന്ന ജനനായകന്റെ ആഹ്വാനം കേട്ട് ഒഴുകിയെത്തിയ ജനതയുടെ ശക്തിപ്രകടനമായിരുന്നു.
“വാക്ക് എഗെയ്ൻസ്റ്റ് ഡ്രഗ്സ്” എന്ന പേരിൽ, ലഹരിയെന്ന മഹാവിപത്തിനെതിരെ അദ്ദേഹം ആരംഭിച്ച പദയാത്ര കേരളത്തിന്റെ സാമൂഹിക മനസ്സാക്ഷിയുടെ ഉയിർത്തെഴുന്നേൽപ്പായി മാറിയിരിക്കുന്നു. ഇത് വെറുമൊരു നടത്തമല്ല, നാളത്തെ തലമുറയെ രക്ഷിക്കാനുള്ള ഒരു ജന നേതാവ് എന്ന നിലയിലുള്ള രമേശ് ചെന്നിത്തലയുടെ ഉറച്ച കാൽവെപ്പാണ് .
കണ്ണൂരിന്റെ മണ്ണ് പല രാഷ്ട്രീയ പോരാട്ടങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാൽ, രമേശ് ചെന്നിത്തലയുടെ ലഹരിവിരുദ്ധ പദയാത്രയ്ക്ക് ലഭിച്ച സ്വീകാര്യത ചരിത്രപരമായിരുന്നു. കോൺഗ്രസ് പ്രവർത്തകർക്കപ്പുറം, ജാതി-മത-രാഷ്ട്രീയ ഭേദമന്യേ ആയിരങ്ങളാണ് ആ ആഹ്വാനം ഏറ്റെടുത്ത് ചെന്നിത്തല യോടൊപ്പം തെരുവിൽ അണിനിരന്നത് .
കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് പറഞ്ഞ വാക്കുകൾ ഏറെ പ്രസക്തമാണ്: “യുവതലമുറയെ തച്ചുതകർക്കുന്ന രാസലഹരിക്കെതിരെ കേരളം ഒരുമിക്കേണ്ടതുണ്ട്.” ഈ ഒരുമയുടെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ആ ജനക്കൂട്ടം.
സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് മലയാളത്തിന്റെ പ്രിയ കഥാകൃത്ത് ടി. പദ്മനാഭനായിരുന്നു. സർക്കാരിന്റെ മദ്യനയങ്ങളെയും ബ്രൂവറി പദ്ധതിയെയും അദ്ദേഹം നിശിതമായി വിമർശിച്ചപ്പോൾ, അത് ചെന്നിത്തലയുടെ പോരാട്ടത്തിന്റെ പ്രസക്തി വർധിപ്പിക്കുന്ന ഒന്നായിരുന്നു .
“എലപ്പുള്ളിയിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ബ്രൂവറി പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണം” എന്ന അദ്ദേഹത്തിന്റെ ആവശ്യം ലഹരിക്കെതിരായ ഈ പോരാട്ടത്തിന് പുതിയ മാനം നൽകുന്ന ഒന്നാണ് . ഒരുവശത്ത് ലഹരിക്കെതിരെ ബോധവൽക്കരണം നടത്തുമ്പോൾ, മറുവശത്ത് മദ്യപ്പുഴയൊഴുക്കാൻ ശ്രമിക്കുന്ന ഭരണകൂടത്തിന്റെ ഇരട്ടത്താപ്പിനെതിരെയുള്ള ശക്തമായ താക്കീതായിരുന്നു അത്. സ്വാമി അമൃത കൃപാനന്ദ പുരിയും നൗഷാദ് സഖാഫി മടക്കരയും പോലുള്ള ആത്മീയ നേതാക്കളുടെ സാന്നിധ്യം ഈ മുന്നേറ്റത്തിന്റെ സർവ മത സ്വീകാര്യത വിളിച്ചോതുന്നതാണ് .
“ലഹരിയുടെ അവസാന വേരും പിഴുതുമാറ്റും വരെ ഈ സമരം അവസാനിക്കുന്നില്ല” എന്ന് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചപ്പോൾ, അത് കേവലം ഒരു നേതാവിന്റെ വെറും വാക്കുകളല്ല മറിച്ച് ഒരു ജനതയുടെ പ്രതിജ്ഞയായിരുന്നു. ആ പ്രതിജ്ഞയാണ് അദ്ദേഹം ആയിരങ്ങൾക്ക് ചൊല്ലിക്കൊടുത്തത്.
മറ്റൊരു പരിപാടിക്കായി എത്തിയ പ്രിയങ്ക, ജനസാഗരം കണ്ടറിഞ്ഞ് പദയാത്രയെ അഭിവാദ്യം ചെയ്യാനെത്തിയത് രമേശിൻ്റെ മുന്നേറ്റങ്ങൾക്ക് ഇരട്ടി ഊർജ്ജമാണ്. തുറന്ന വാഹനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് അവർ ഈ പോരാട്ടത്തിന് നൽകിയ പിന്തുണ, ദേശീയ തലത്തിൽ പോലും കോൺഗ്രസ് ഈ വിഷയത്തിന് എത്രമാത്രം പ്രാധാന്യം നൽകുന്നു എന്നതിന്റെ തെളിവാണ്.






കേരളം ലഹരിയുടെ പിടിയിൽ അമരുമ്പോൾ, ഭരണകൂടം പലപ്പോഴും കാഴ്ചക്കാരായി നിൽക്കുകയാണ്. എക്സൈസ് വകുപ്പിന്റെ കണക്കുകൾക്കപ്പുറം, നമ്മുടെ സ്കൂളുകളിലും കോളേജുകളിലും ലഹരിമാഫിയ പിടിമുറുക്കിക്കഴിഞ്ഞു.
ഈ സാഹചര്യത്തിലാണ് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എന്നതിലുപരി, സാമൂഹിക പ്രവർത്തനം ജീവിതത്തിന്റെ ഭാഗമാക്കിയ രമേശ് ചെന്നിത്തല മാറുന്നത്. ഇത് ഒരു രാഷ്ട്രീയമല്ല. കാരണം, ലഹരിക്ക് രാഷ്ട്രീയമില്ല. അത് ഏത് വീട്ടിലും ഏതുസമയത്തും ഏതു നിറത്തിലും വീട്ടിലെത്തുകയും സമാധാനം കെടുത്തുകയും ചെയ്യുന്ന ഒന്നാണ് .
ചെന്നിത്തലയുടെ ഈ പദയാത്ര ഒരു ഓർമ്മപ്പെടുത്തലാണ്. ഭരണകൂടത്തിന്റെ കണ്ണുതുറപ്പിക്കാനുള്ള ഒരു ജനകീയ മുന്നേറ്റം. രാഷ്ട്രീയത്തിനപ്പുറം, കേരളത്തിന്റെ പൊതുസമൂഹത്തെ ഒരുമിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുന്നു എന്നതാണ് ഈ യാത്രയുടെ ഏറ്റവും വലിയ വിജയം. കണ്ണൂരിലും കൽപറ്റയിലും കണ്ട ആൾക്കൂട്ടം വെറും പ്രവർത്തകരല്ല, മറിച്ച് തങ്ങളുടെ മക്കളുടെ ഭാവിയെക്കുറിച്ച് ആശങ്കയുള്ള രക്ഷിതാക്കളും, നാടിന്റെ നന്മ ആഗ്രഹിക്കുന്ന സാധാരണക്കാരുമാണ്.
ഈ ജനകീയ മുന്നേറ്റത്തെ കണ്ടില്ലെന്ന് നടിക്കാൻ ഇനിയാർക്കും കഴിയില്ല. ലഹരിക്കെതിരായ ഈ പോരാട്ടത്തിൽ കേരളം ഒറ്റക്കെട്ടായി രമേശ് ചെന്നിത്തലയ്ക്കൊപ്പം അണിനിരക്കുമ്പോൾ, അതൊരു പുതിയ ചരിത്രത്തിന്റെ തുടക്കമാവുകയാണ്. ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് നമ്മുടെ പുതുതലമുറയെ രക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ അദ്ദേഹം മുന്നിൽ നിന്നു നയിക്കട്ടെ, കേരളം ഒന്നായി പിന്നിൽ അണിനിരക്കും.