ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങിൽ ക്ഷണിക്കാതെ എത്തി നേതൃത്വം നൽകി; ആരാണ് സുനില്‍ദാസ് എന്ന സുനില്‍ സ്വാമി?

മലയാളികളുടെ പ്രിയപ്പെട്ട നടൻ ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങിൽ സുനിൽദാസ് എന്ന സുനിൽ സ്വാമിയുടെ സാന്നിധ്യം വലിയ വിവാദമായി. കുടുംബത്തിന്റെ അനുമതിയില്ലാതെയാണ് സുനിൽദാസ് സംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയതെന്നാണ് ആരോപണം. ചടങ്ങുകൾക്ക് നേതൃത്വം നൽകുന്ന കർമിയെ കുടുംബം നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെങ്കിലും, അത് അവഗണിച്ചാണ് സുനിൽദാസ് കാർമികത്വം സ്വയം ഏറ്റെടുത്തതെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി.

ആരാണീ കർമിയെന്ന കാര്യത്തിൽ പോലും ശ്രീനിവാസന്റെ കുടുംബത്തിന് വ്യക്തതയില്ലായിരുന്നു. വേർപാടിന്റെ വേദനയിൽ കഴിയുന്ന സമയത്ത്, കുടുംബത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ ചടങ്ങിൽ ഇടപെട്ടത് ഏറെ വേദനാജനകമായ അനുഭവമായിരുന്നുവെന്നാണ് കുടുംബത്തിന്റെ നിലപാട്. കുടുംബം നിയോഗിച്ച കർമികളെ മറികടന്നുള്ള സുനിൽദാസ് എന്ന സുനിൽ സ്വാമിയുടെ പെരുമാറ്റം അനൗചിത്യമാണെന്ന വിമർശനവും ഉയരുന്നു.

പാലക്കാട് മുതലമട ആസ്ഥാനമായ ‘സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ്’ എന്ന സ്ഥാപനത്തിന്റെ മറവിൽ നിരവധി തട്ടിപ്പുകൾ നടത്തിയയാളാണ് സുനിൽദാസ് എന്ന ആരോപണം നേരത്തേ തന്നെ നിലനിൽക്കുന്നത്. ഇയാൾക്കെതിരെ കേരള പോലീസും തമിഴ്നാട് പോലീസും നിരവധി തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവിധ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണ് സുനിൽദാസ്.

കോയമ്പത്തൂരിലെ ഒരു വ്യവസായിയിൽ നിന്ന് മൂന്നര കോടി രൂപ തട്ടിയെടുത്തത് റിസർവ് ബാങ്കിന്റെ പേരിൽ വ്യാജ കത്ത് തയ്യാറാക്കിയാണെന്നതാണ് പ്രധാന കേസ്. റിസർവ് ബാങ്കിൽ നിന്ന് 3000 കോടി രൂപ ലഭിക്കാനുണ്ടെന്നായിരുന്നു വ്യാജ കത്തിലെ അവകാശവാദം. ഈ കേസിൽ സുനിൽദാസ് കോയമ്പത്തൂർ സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്നു. കൂടാതെ, വാരിയർ ഫൗണ്ടേഷൻ സ്ഥാപകൻ തിരുന്നാവായ സ്വദേശി മാധവ വാരിയരിൽ നിന്ന് അഞ്ചര കോടി രൂപ കൈപ്പറ്റി തിരികെ നൽകാതിരുന്ന കേസിലും മുംബൈ കോടതിയിൽ നിന്ന് ഇയാൾ ജാമ്യം നേടിയിട്ടുണ്ട്.

കേരളത്തിലെ പ്രളയകാലത്ത് വാരിയർ ഫൗണ്ടേഷൻ നടത്തിയ സേവന പ്രവർത്തനങ്ങൾക്ക് 25 കോടി രൂപയുടെ പുരസ്കാരം നൽകുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ഈ ഇടപാട്. തീയതി രേഖപ്പെടുത്താത്ത ചെക്ക് നൽകിയെങ്കിലും ഉടൻ ബാങ്കിൽ ഹാജരാക്കരുതെന്ന് ആവശ്യപ്പെട്ടുവെന്നും, പുരസ്കാരത്തുകയുമായി ബന്ധപ്പെട്ട തടസങ്ങൾ നീക്കാൻ അഞ്ചര കോടി രൂപ ആവശ്യപ്പെട്ടുവെന്നുമാണ് പരാതി. പിന്നീട് നൽകിയ ചെക്ക് പാസാകാതിരുന്നതോടെയാണ് മുംബൈയിലെ കേസ് രൂപപ്പെട്ടത്.

മൈസൂർ കൊട്ടാരത്തിലെ രാജഗുരുവെന്ന് അവകാശപ്പെട്ട് 157 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ഗുരുതര ആരോപണവും സുനിൽദാസിനെതിരെയുണ്ട്. പല്ലശനയിലെ സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന സുനിൽദാസ് പിന്നീട് സുനിൽ സ്വാമിയായി മാറുകയായിരുന്നു. സത്യസായി സേവാസമിതിയിലൂടെയായിരുന്നു തുടക്കം. പിന്നീട് സ്വന്തം വീട് ആസ്ഥാനമാക്കി ‘സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ്’ സ്ഥാപിച്ച് തട്ടിപ്പുകൾ ആരംഭിച്ചതായാണ് ആരോപണം. നടി ശ്രീവിദ്യയെ വഞ്ചിച്ച് ലക്ഷങ്ങൾ കൈക്കലാക്കിയെന്ന പരാതിയും ഇയാൾക്കെതിരെ നേരത്തെയുണ്ടായിരുന്നു.

പ്രമുഖരെ മുതലമടയിൽ എത്തിച്ച് വിശ്വാസം നേടിയെടുത്തായിരുന്നു സുനിൽദാസ് തന്റെ തട്ടിപ്പുകൾ നടത്തിയതെന്ന വിലയിരുത്തലുമുണ്ട്. ഇത്തരം തട്ടിപ്പുകാർക്കെതിരെ നിലപാട് സ്വീകരിച്ചിരുന്ന ശ്രീനിവാസന്റെ അന്ത്യകർമങ്ങൾക്കുതന്നെ അനുമതിയില്ലാതെ നേതൃത്വം നൽകിയ സംഭവത്തിൽ കുടുംബം കടുത്ത അസംതൃപ്തി രേഖപ്പെടുത്തി. പ്രമുഖരുടെ സംസ്‌കാര ചടങ്ങുകൾ പോലും തട്ടിപ്പിനുള്ള വേദിയാക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ സമൂഹം കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന മുന്നറിയിപ്പോടെയാണ് കുടുംബത്തിന്റെ പ്രതികരണം..

മറുപടി രേഖപ്പെടുത്തുക