പ്രൊഫസര്‍ ടി ജെ ജോസഫ് കൈവെട്ട് കേസില്‍ ഗൂഢാലോചനയില്‍ വിശദമായ അന്വേഷണത്തിന് എന്‍ഐഎ.കേരളത്തെ ഞെട്ടിച്ച കേസില്‍ നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കൂടുതല്‍ അംഗങ്ങള്‍ക്ക് പങ്കുണ്ടോ എന്നാണ് എന്‍ഐഎ പരിശോധിക്കുന്നത്. കഴിഞ്ഞ വര്‍ഷം അറസറ്റിലായ കേസിലെ മുഖ്യപ്രതിയായ സവാദിനെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച സൂചനകളാണ് ഗൂഢാലോചന അന്വേഷണം വ്യാപിപ്പിക്കാന്‍ എന്‍ഐഎയെ പ്രേരിപ്പിച്ചിരിക്കുന്നത്.
ടിജെ ജോസഫിനെ ആക്രമിച്ച ശേഷം ഒളിവില്‍ പോയ സവാദ് തമിഴ്നാട്ടിലും കേരളത്തിലുമായാണ് ഒളിവില്‍ കഴിഞ്ഞത്. ഇയാള്‍ക്ക് താമസിക്കാനും ജോലി കണ്ടെത്താനും പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ പിന്തുണ ലഭിച്ചിരുന്നെന്നാണ് എന്‍ഐഎ വാദം.
2010 ജൂലെ നാലിനാണ് തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന് ആയിരുന്ന പ്രൊഫ. ടിജെ ജോസഫ് ആക്രമിക്കപ്പെട്ടത്. മതനിന്ദ ആരോപിച്ചായിരുന്നു ആക്രമണം.മുഖ്യപ്രതി സവാദ് ആയിരുന്നു അധ്യാപകന്റെ വലത് കൈപ്പത്തി വെട്ടിമാറ്റിയത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സവാദ് 2024 ജനുവരി പത്തിന് കണ്ണൂരില്‍ നിന്നാണ് പിടിയിലായത്.
