തദ്ദേശ തെരഞ്ഞെടുപ്പ് തന്റെ ഓഫീസ് കെട്ടിടം ഒഴിയേണ്ട സാഹചര്യം സൃഷ്ടിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ല. എന്നാൽ അത്തരമൊരു സംഭവമാണ് പെരുമ്പാവൂരിൽ ഉണ്ടായിരിക്കുന്നത്.
നഗരസഭ അധ്യക്ഷയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന വനിതാ കൗൺസിലറുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് എംഎൽഎ ഓഫീസ് പ്രവർത്തിച്ചിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം അധ്യക്ഷ സ്ഥാനം ഭാര്യയ്ക്ക് ലഭിക്കാതെ വന്നതോടെ ഓഫീസ് ഒഴിയണമെന്ന ആവശ്യം ഉടമസ്ഥർ ഉന്നയിക്കുകയായിരുന്നു.
ഒരു മാസം മുൻപാണ് ഈ കെട്ടിടത്തിൽ എംഎൽഎ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. നിലവിൽ കെട്ടിടത്തിലെ ബോർഡുകൾ നീക്കം ചെയ്തതും ഫ്യൂസ് ഊരിയതുമായ നിലയിലാണ്. പെരുമ്പാവൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്താണ് കെട്ടിടം സ്ഥിതിചെയ്യുന്നത്.
ഭാര്യയ്ക്ക് അധ്യക്ഷ പദവി ലഭിക്കാത്തതിനെ തുടർന്ന് ഇന്ന് തന്നെ ഓഫീസ് ഒഴിയണമെന്ന ആവശ്യമാണ് ഉന്നയിച്ചതെന്ന് ജീവനക്കാർ അറിയിച്ചു. ഇതോടെ എംഎൽഎ ഓഫീസ് ഇന്ന് തന്നെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുമെന്നും അവർ വ്യക്തമാക്കി.
ഇന്ന് രാവിലെ 11.30ഓടെയാണ് നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പ് പൂർത്തിയായത്. അധ്യക്ഷ പദവിക്കായി മൂന്ന് വനിതകളാണ് മത്സരിച്ചത്. ഡിസിസി ഇടപെട്ട് വോട്ടെടുപ്പ് നടത്തിയ ശേഷമാണ് അധ്യക്ഷയെ തീരുമാനിച്ചത്. സംഗീത കെ.എസ്. 16 വോട്ടുകൾ നേടി ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ രണ്ടര വർഷത്തിന് ശേഷം ആനി മാത്യു ചെയർപേഴ്സണായി ചുമതലയേൽക്കും.
