കേന്ദ്രസർക്കാർ വിലക്കിയിട്ടുള്ള മുഴുവൻ ചിത്രങ്ങളും ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന എല്ലാ ചിത്രങ്ങളും യാതൊരു മുടക്കവും കൂടാതെ പ്രദർശിപ്പിക്കണമെന്ന് ചലച്ചിത്ര അക്കാദമിക്ക് മന്ത്രി നിർദേശം നൽകി. കേന്ദ്രസർക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം വിമർശിച്ചു.
കേരളത്തിന്റെ പുരോഗമനപരമായ കലാ–സാംസ്കാരിക പാരമ്പര്യത്തിന് നേരെയുള്ള കടന്നാക്രമണമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മേളയുടെ പാരമ്പര്യത്തെയും പുരോഗമന സ്വഭാവത്തെയും തകർക്കുന്ന ഇത്തരം ജനാധിപത്യവിരുദ്ധ സമീപനം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലാവിഷ്കാരങ്ങളുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഇടപെടലുകൾക്കെതിരെ ശക്തമായ നിലപാട് തുടരുമെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.
