രേണു സുധിയെക്കുറിച്ച് ‘തമാശ’, ആര്യന് വീണ്ടും നാക്ക് പിഴ; എതിര്‍പ്പുയര്‍ത്തി അക്ബര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 7 അഞ്ചാം വാരത്തിലൂടെ മുന്നോട്ട് നീങ്ങുകയാണ്. വൈല്‍ഡ് കാര്‍ഡുകള്‍ കൂടി എത്തിയതോടെ ഹൗസ് കൂടുതല്‍ മത്സരാവേശത്തില്‍ ആയിട്ടുണ്ട്. മത്സരം മുറുകുന്നതിനൊപ്പം മത്സരാര്‍ഥികള്‍ക്കിടയില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നതും പതിവാണ്. ഒരു ടാസ്കിന് ശേഷം രേണു സുധിയെക്കുറിച്ച് ആര്യന്‍ പറഞ്ഞ തമാശയിലെ പ്രശ്നം അക്ബര്‍ ചോദ്യം ചെയ്തത് ഇന്നത്തെ എപ്പിസോഡിലെ ഒരു പ്രധാന കാഴ്ച ആയിരുന്നു.

കിരീടയുദ്ധം എന്ന് പേരിട്ട ടാസ്കിലെ ആദ്യ റൗണ്ടില്‍ പങ്കെടുത്തതിന് ശേഷം ആകെയുള്ള ഏഴില്‍ ഒരു ടീമിന്‍റെ ക്യാപ്റ്റനായ രേണു സുധി വീണിരുന്നു. ഇതില്‍ പരിഹസിച്ചുകൊണ്ട് ആര്യന്‍ പിന്നീട് പറഞ്ഞത് രേണു ചേച്ചി തൊട്ടാല്‍ വീഴുമെന്നും സുധി ചേട്ടന്‍റെ അടുത്തേക്ക് എത്തുമെന്നായിരുന്നു. അടുത്തിരുന്ന ജിഷിന്‍ മോഹന്‍ ഇത് കേട്ട് ചിരിച്ചെങ്കിലും അല്‍പം അകലെ നിന്നിരുന്ന അക്ബര്‍ പരാമര്‍ശത്തില്‍ എതിര്‍പ്പുയര്‍ത്തി എത്തുകയായിരുന്നു. ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യമാണെന്ന് ശബ്ദമുയര്‍ത്തി അക്ബര്‍ പറഞ്ഞതോടെ പറഞ്ഞതിനെ ന്യായീകരിച്ച് ആര്യനും രംഗത്തെത്തി. ഇരുവര്‍ക്കുമിടയിലുള്ള തര്‍ക്കം കുറച്ച് സമയം നീണ്ടു. എന്നാല്‍ അപ്പാനി ശരത്തിന്‍റെ മധ്യസ്ഥതയില്‍ അക്ബറിനും ആര്യനും ഇടയിലുണ്ടായ തര്‍ക്കം വൈകാതെ തണുത്തു. രേണു സുധിയോട് പോയി ക്ഷമ ചോദിക്കുന്ന ആര്യനെയും പ്രേക്ഷകര്‍ പിന്നീട് കണ്ടു.

ടാസ്കുകള്‍ കാര്യമായി കൊടുക്കുന്നില്ലെന്ന് ഈ സീസണിനെക്കുറിച്ച് പ്രേക്ഷകര്‍ പലപ്പോഴും പരാതി ഉയര്‍ത്തിയിരുന്നു. അതിന് പരിഹാരമെന്ന നിലയില്‍ ഈ സീസണില്‍ ഇതുവരെ കൊടുത്തതില്‍ ഏറ്റവും പ്രയാസകരമായ ഒരു ടാസ്ക് ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് കൊടുത്തിരിക്കുകയാണ്. കിരീടയുദ്ധം എന്ന പേരില്‍ എത്തിയിരിക്കുന്ന ടാസ്ക് ഒരു ഫിസിക്കല്‍ ടാസ്ക് അല്ലെന്നും തന്ത്രവും യുക്തിയും ഉപയോഗിച്ചാണ് കളിക്കേണ്ടതെന്നും ബിഗ് ബോസ് അറിയിച്ചെങ്കിലും ടാസ്ക് ശരിക്കും ഫിസിക്കല്‍ ആയി മാറുന്ന കാഴ്ചയാണ് കണ്ടത്. 3 പേര്‍ വീതം അടങ്ങുന്ന ഏഴ് ടീമുകളായാണ് ഈ മത്സരത്തില്‍ മത്സരാര്‍ഥികള്‍ പങ്കെടുക്കുന്നത്. ഓരോ ടീമിനും ഓരോ ക്യാപ്റ്റനും ഉണ്ട്.

ലക്ഷ്മി, ജിഷിന്‍, നെവിന്‍ (ക്യാപ്റ്റന്‍), അക്ബര്‍, ഷാനവാസ്, രേണു (ക്യാപ്റ്റന്‍), അനുമോള്‍, ശൈത്യ, ജിസൈല്‍ (ക്യാപ്റ്റന്‍), റെന, ആര്യന്‍, മസ്താനി (ക്യാപ്റ്റന്‍), ശരത്, സാബുമാന്‍, അനീഷ് (ക്യാപ്റ്റന്‍), ബിന്നി, അഭിലാഷ്, നൂറ (ക്യാപ്റ്റന്‍), ആദില, പ്രവീണ്‍, ഒനീല്‍ (ക്യാപ്റ്റന്‍) എന്നിങ്ങനെയാണ് ടീമുകള്‍. വരുന്ന മൂന്ന് ആഴ്ചകളില്‍ ഓരോ വ്യക്തികളെ നേരിട്ട് നോമിനേറ്റ് ചെയ്യാനുള്ള സൂപ്പര്‍ നോമിനേഷന്‍, നോമിനേഷന്‍ മുക്തി നേടാന്‍ കഴിയുന്ന സൂപ്പര്‍ ഇമ്യൂണിറ്റി, ഫാമിലി വീക്കില്‍ കുടുംബാം​ഗങ്ങള്‍ക്ക് ഒരാള്‍ച ഹൗസില്‍ കഴിയാന്‍ സാധിക്കുന്ന സൂപ്പര്‍ ഫാമിലി എന്നിങ്ങനെയുള്ള അധികാരങ്ങളാണ് ടാസ്കിലെ വിജയികളെ കാത്തിരിക്കുന്നത്. ടാസ്കിലെ ആദ്യ റൗണ്ടില്‍ ശരത്, അനീഷ്, സാബുമാന്‍ എന്നിവരുടെ ടീം പുറത്തായി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു