ഛത്തീസ്ഗഡിലെ ഒരു ഷോപ്പിങ് മാളിൽ ക്രിസ്മസ് അലങ്കാരങ്ങളും സാന്താക്ലോസിന്റെ രൂപവും ഒരു സംഘം അക്രമികൾ അടിച്ചുതകർത്തു. കമ്പും വടിയുമായി എത്തിയ സർവ ഹിന്ദു സമാജ് എന്ന തീവ്ര ഹിന്ദുത്വ സംഘടനയുടെ പ്രവർത്തകരാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡിസംബർ 24നാണ് സംഭവം നടന്നത്. മതപരിവർത്തനം ആരോപിച്ച് സർവ ഹിന്ദു സമാജ് പ്രഖ്യാപിച്ച ‘ഛത്തീസ്ഗഡ് ബന്ദ്’ പുരോഗമിക്കുന്നതിനിടെയാണ് നൂറോളം പേരടങ്ങുന്ന സംഘം മാളിൽ കയറി അക്രമം അഴിച്ചുവിട്ടത്. മാളിലെ ക്രിസ്മസ് അലങ്കാരങ്ങളും സാന്താക്ലോസിന്റെ രൂപങ്ങളും സംഘം പൂർണമായും നശിപ്പിച്ചു. സുരക്ഷാ ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും ആക്രമണം നിയന്ത്രിക്കാനായില്ല.
ക്രൈസ്തവ മിഷനറിമാർ നിർബന്ധിത മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ചാണ് ഹിന്ദുത്വ സംഘടന ബന്ദിന് ആഹ്വാനം ചെയ്തത്. ഡിസംബർ 18നുണ്ടായ ഒരു സംഭവമാണ് ഈ പ്രതിഷേധങ്ങൾക്ക് പശ്ചാത്തലമായത്. കൻകെർ ജില്ലയിലെ ബഡെതെവ്ഡ ഗ്രാമത്തിലെ സർപഞ്ചായ രാജ്മാൻ സലാമിന്റെ മൃതദേഹം ക്രൈസ്തവ മതാചാരപ്രകാരം അടക്കം ചെയ്തതിനെ തുടർന്ന് ഹിന്ദുത്വവാദികൾ ഇടപെടുകയും, അത് പ്രദേശത്ത് വലിയ സംഘർഷത്തിലേക്ക് വഴിമാറുകയും ചെയ്തിരുന്നു.
