അതിവേഗ റെയില്‍, കട്ടപ്പന- തേനി തുരങ്കപാത; ബജറ്റിലെ വികസന പ്രഖ്യാപനങ്ങള്‍ അറിയാം

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ അതിവേഗ യാത്രാ സൗകര്യം ഡല്‍ഹി – മീററ്റ് ആര്‍ആര്‍ടിഎസ് കോറിഡോര്‍ മാതൃകയില്‍ നാല് ഘട്ടമായിട്ടാണ് കേരളത്തില്‍ വിഭാവനം ചെയ്യുന്നത്. പദ്ധതിക്ക് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം പിന്തുണ അറിയിച്ചിട്ടുണ്ട്. അതനുസരിച്ച് തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ഒന്നാം ഘട്ടം, തൃശൂര്‍ മുതല്‍ കോഴിക്കോട് വരെ രണ്ടാം ഘട്ടം, കോഴിക്കോട് മുതല്‍ കണ്ണൂര്‍ വരെ മൂന്നാം ഘട്ടം, കണ്ണൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ നാലാം ഘട്ടം എന്ന നിലയിലാണ് പദ്ധതി തയാറാക്കാന്‍ ഉദ്ദേശിക്കുന്നത്.

പൊതുവില്‍ ഉയര്‍ന്ന തൂണുകളില്‍ കൂടി പോകുന്ന ഈ ഗതാഗതത്തിന്റെ പ്രത്യേകത നഗര മെട്രോ പദ്ധതികളുമായി സംയോജിപ്പിക്കാന്‍ പറ്റുമെന്നതാണ്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി രൂപ അനുവദിക്കുന്നു – ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിനായി ആയിരം കോടി രൂപ കിന്‍ഫ്രയില്‍ നിക്ഷേപിക്കും. വിഴിഞ്ഞം – ചവറ – കൊച്ചി അപൂര്‍വ ധാതുഖനന ഇടനാഴി സ്ഥാപിക്കും. എം സി റോഡ് വികസനത്തിന് 5917 കോടി രൂപ അനുവദിച്ചു. തിരുവനന്തപുരം മുതല്‍ അങ്കമാലി വരെയുള്ള എം സി റോഡ് 24 മീറ്റര്‍ വീതിയില്‍ നാലുവരിയായി വികസിപ്പിക്കും. കട്ടപ്പന മുതല്‍ തേനി വരെ തുരങ്കപാതയുടെ സാധ്യതാപഠനത്തിനായി പത്ത് കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചു.

ശബരിമല മാസ്റ്റര്‍ പ്ലാനിനും ക്ലീന്‍ പമ്പാ പദ്ധതിയ്ക്കുമായി മുപ്പത് കോടി രൂപ വീതം. വയനാട്, കാസര്‍ഗോഡ് പാക്കേജുകള്‍ക്ക് 80 കോടി രൂപ വീതവും കൂട്ടനാട് പാക്കേജിന് 75 കോടി രൂപയും കൂട്ടി. ഐ ടി മേഖലയ്ക്കുള്ള വിഹിതം 548 കോടി രൂപയായും വര്‍ധിപ്പിച്ചു.

മറുപടി രേഖപ്പെടുത്തുക