തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 583 കിലോമീറ്റർ നീളത്തിൽ റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) പദ്ധതി നടപ്പാക്കുന്നതിനായി മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകി. പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ താൽപര്യം വ്യക്തമാക്കിയുള്ള ഔപചാരിക കത്ത് കേന്ദ്ര സർക്കാരിന് അയയ്ക്കാനും, ആവശ്യമായ പ്രാഥമിക കൂടിയാലോചനകൾ ആരംഭിക്കാനും ഗതാഗത വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി.
കേന്ദ്ര സർക്കാരുമായി വിശദമായ ചർച്ചകൾക്ക് ശേഷം തത്വത്തിലുള്ള അനുമതി ലഭിക്കുന്നതോടെ ധാരണാപത്രത്തിൽ ഒപ്പുവയ്ക്കും. തുടർന്ന് പദ്ധതിയുടെ സാങ്കേതിക–സാമ്പത്തിക വിശദാംശങ്ങൾ, ധനസ്രോതസ്സുകൾ, വായ്പാ മാർഗങ്ങൾ എന്നിവ സംബന്ധിച്ച അന്തിമ നിർദേശങ്ങൾ ഗതാഗത വകുപ്പ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കും.
അതിവേഗ ഗതാഗത സംവിധാനം സർക്കാരിന്റെ വികസന കാഴ്ചപ്പാടിലെ പ്രധാന ഘടകമാണെന്ന് വിലയിരുത്തുന്നു. കേരളത്തിന്റെ പ്രത്യേക ഭൂമിശാസ്ത്ര ഘടനയും ഉയർന്ന ജനസാന്ദ്രതയും കണക്കിലെടുത്താൽ, സമയബന്ധിതവും പരിസ്ഥിതി സൗഹൃദവുമായ ഉയർന്ന വേഗതയിലുള്ള റെയിൽ സംവിധാനം സംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വളർച്ചയ്ക്ക് അനിവാര്യമാണെന്ന് സർക്കാർ വിലയിരുത്തുന്നു.
യാത്രാസമയം ഗണ്യമായി കുറയ്ക്കുക, വിവിധ മേഖലകളെ പരസ്പരം ബന്ധിപ്പിക്കുക, തൊഴിലും വിദ്യാഭ്യാസവും ഉൾപ്പെടെയുള്ള അവസരങ്ങൾ വിപുലപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യങ്ങൾ.
