കേരള സര്‍വകലാശാല തര്‍ക്കത്തിൽ സമവായം; മിനി കാപ്പനെ മാറ്റും; താൽക്കാലിക രജിസ്ട്രാറുടെ പകരം ചുമതല ഡോ. രശ്മിക്ക്

തിരുവനന്തപുരം: കേരള സർവകലാശാലയിൽ സമവായത്തിലെത്തി വിസിയും ഇടത് സിൻ‍ഡിക്കേറ്റ് അംഗങ്ങളും. രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പന് പകരം ഡോ. രശ്മിക്ക് ചുമതല നൽകണമെന്ന ഇടത് അംഗങ്ങളുടെ ആവശ്യം വിസി അംഗീകരിച്ചു. രജിസ്ട്രാർ കെ.എസ് അനിൽ കുമാറിന്‍റെ സസ്പെൻഷൻ അംഗീകരിക്കില്ലെന്ന നിലപാടിൽ നിന്ന് ഇടത് അംഗങ്ങൾ പിന്നോട്ടുപോയി. എന്നാൽ, സസ്പെൻഷനിൽ തീരുമാനം കോടതി എടുക്കട്ടെയെന്നാണ് ഇടത് നിലപാട്. കേരളയെ തർക്കശാലയാക്കിയ വിസി സിൻഡിക്കേറ്റ് പോരിനാണ് ഇതോടെ താത്കാലിക വിരാമമാകുന്നത്. രജിസ്ട്രാറായി വിസി താത്കാലിക ചുമതല നൽകിയ ഡോ. മിനി കാപ്പനെ സിൻഡിക്കേറ്റ് യോഗത്തിൽ ഇടത് അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. 

സിൻഡിക്കേറ്റ് നിർദേശിച്ച രജിസ്ട്രാർ ഇൻ ചാർജായി കാര്യവട്ടം ക്യാമ്പസിലെ ജോ.രജിസ്ട്രാർ ഡോ.ആർ.രശ്മിയെ നിയമിച്ചു. അനിൽകുമാറിന്‍റെ ഓഫീസിലെത്തി ഡോ. ആര്‍ രശ്മി ചുമതലയേറ്റു. ഭാരതാംബ വിവാദത്തിൽ രജിസ്ട്രാർ കെ.എസ്. അനിൽ കുമാറിനെ വിസി സസ്പെൻഡ് ചെയ്തതിന് പിന്നാലെ രൂക്ഷമായ തർക്കമാണ് ഈ വഴിക്കെത്തുന്നത്. രജിസ്ട്രാർ ഇൻ ചാർജിനെ സിൻഡിക്കേറ്റ് തീരുമാനിച്ചതോടെ അനിൽ കുമാറിനെതിരായ നടപടി ഇടത് അംഗങ്ങൾ ഫലത്തിൽ അംഗീകരിക്കുന്ന നിലയായി. മിനി കാപ്പന് ചുമതല നൽകിയ തീരുമാനത്തിൽ നിന്ന് പിന്നോട്ടുപോകാൻ വിസിയും തയ്യാറായി. അനിൽ കുമാറിന്‍റെ സസ്പെൻഷൻ ജൂലൈ ആറിന് വിവാദ സിൻഡിക്കേറ്റ് യോഗം പിൻവലിച്ചതോടെയാണ് തർക്കം രൂക്ഷമായത്.

രജിസ്ട്രാറായി അനിൽ കുമാറിനെ മാത്രമേ അംഗീകരിക്കുവെന്ന നിലപാടിലായിരുന്നു ഇടത് സിൻഡ‍ിക്കേറ്റ് അംഗങ്ങൾ. വിസിയുടെ വിലക്ക് തളളി അദ്ദേഹം ഓഫീസിലെത്തിയതും ഒരേ സമയം രണ്ട് രജിസ്ട്രാർമാർ സർവകലാശാലയിലുണ്ടായതും ഭരണപ്രതിസന്ധിയായിരുന്നു. അതിനാണ് പരിഹാരമാകുന്നത്. സർവകലാശാലാ പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാൻ നിലപാട് മയപ്പെടുത്തിയെന്നാണ് ഇടത് അംഗങ്ങളുടെ വാദം. അനിൽ കുമാറിന്‍റെ സസ്പെൻഷൻ നടപടിയിൽ ഹൈക്കോടതി തീരുമാനമെടുക്കട്ടെയെന്നാണ് ഇടത് അംഗങ്ങളുടെ നിലപാട്. അതേസമയം,

അനാവശ്യ പിടിവാശി കാണിച്ച് സർവകശാലയിൽ പ്രശ്നങ്ങളുണ്ടാക്കിയ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ മാപ്പ് പറയണമെന്നാണ് ബിജെപി ആവശ്യം.അധികാരത്തർക്കത്തിനിടെ മാർച്ചിൽ പൂർത്തിയാക്കേണ്ട 100 കോടി രൂപയുടെ പിഎം ഉഷ ഫണ്ടിന്റെ വിനിയോഗം സ്തംഭനത്തിലാണ്. ഫണ്ട്‌ അടിയന്തരമായി വിനിയോഗിച്ചില്ലെങ്കിൽ നഷ്ടപ്പെടും. 

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു