കുടുംബശ്രീയുടെ പുതിയ പദ്ധതികൾക്കെതിരെ ചിലർ തടസ്സങ്ങൾ സൃഷ്ടിക്കുകയാണെന്നും വികസന പ്രവർത്തനങ്ങൾക്കും അവർ എതിർപ്പുയർത്തുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാലക്കാട് ദേശീയ സരസ് മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീയുടെ ചരിത്രവും സാമൂഹ്യ സംഭാവനകളും വിമർശകർ ഓർക്കുന്നത് നല്ലതായിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
“കേരളത്തെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുന്നതിൽ കുടുംബശ്രീയുടെ പങ്ക് അതുല്യവും പ്രശംസനീയവുമാണ്. സാമൂഹ്യ മുന്നേറ്റത്തിന്റെ ശക്തമായ ഇടപെടലായി സരസ് മേള മാറും. സ്ത്രീപക്ഷ നവകേരളമാണ് സർക്കാരിന്റെ ലക്ഷ്യം,” മുഖ്യമന്ത്രി പറഞ്ഞു.
മനുഷ്യരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ഇടതുപക്ഷ സർക്കാരുകൾ നിരന്തരമായി പ്രവർത്തിച്ചുവരുന്നതായും അദ്ദേഹം വ്യക്തമാക്കി. “മതനിരപേക്ഷതയിൽ അടിയുറച്ചവരാണ് കേരളീയർ. എന്നാൽ മറ്റ് പല സംസ്ഥാനങ്ങളിലും ജാതീയമായ വേർതിരിവുകൾ ഇന്നും നിലനിൽക്കുന്നു. കേരളത്തെ നിരവധി സംസ്ഥാനങ്ങൾ മാതൃകയാക്കുന്നത് ഇതുകൊണ്ടാണ്. ഈ മാറ്റത്തിന് പിന്നിൽ കേരളത്തിന്റെ മതനിരപേക്ഷതയുടെ കരുത്തുണ്ട്,” അദ്ദേഹം പറഞ്ഞു.
അതേസമയം, മതനിരപേക്ഷതയെ ദുർബലപ്പെടുത്താൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും അത് സമൂഹത്തെ അന്ധകാരത്തിലേക്ക് നയിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ഇത്തരം ശ്രമങ്ങളെ തിരിച്ചറിയുകയും അതിനെതിരെ ജാഗ്രത പുലർത്തുകയും ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
