കൊച്ചി: എറണാകുളം പുത്തൻകുരിശ് മലേക്കുരിശിൽ രണ്ട് സ്ത്രീകളും ഒരു കുഞ്ഞും മാത്രമുള്ള കുടുംബത്തിന്റെ വീട് ജപ്തി ചെയ്തു. പുത്തൻകുരിശ് സ്വദേശിയായ സ്വാതിക്കാണ് ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. 2019 ൽ 5 ലക്ഷം രൂപ മണപ്പുറം ഫിനാൻസിൽ നിന്നും വായ്പ എടുത്തിരുന്നെങ്കിലും ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെ തിരിച്ചടവ് മുടങ്ങി. 3.95 ലക്ഷം രൂപ തിരിച്ചടക്കണമെന്നും തുക ഒന്നിച്ചടക്കണമെന്നാണ് ബാങ്കിന്‍റെ നിലപാടെന്നും സ്വാതി ന്യൂസിനോട് പറഞ്ഞു. ഒരു വയസ് മാത്രമാണ് കുഞ്ഞിന്റെ പ്രായം. ഗർഭിണിയായ യുവതിക്ക് ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെയാണ് തിരിച്ചടവ് മുടങ്ങിയത്. ഒറ്റ തവണയായി പലിശ ഉൾപ്പടെ അഞ്ച് ലക്ഷം അടക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും കുടുംബം പറയുന്നു.
ഇന്ന് സ്വാതിയുടെ അമ്മയും ഒരു വയസ് പ്രായമുള്ള കുഞ്ഞും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്താണ് ബാങ്ക് അധികൃതര്‍ പൊലീസിന് ഒപ്പമെത്തി ജപ്തി നടപടികളിലേക്ക് കടന്നത്. ഗഡുക്കളായി അടക്കാമെന്ന് പറഞ്ഞിട്ട് ബാങ്ക് സമ്മതിക്കുന്നില്ലെന്നും ഇത്രയും വലിയ തുക ഒന്നിച്ചടക്കാൻ നിവൃത്തിയില്ലെന്നും സ്വാതി പറഞ്ഞു. സാവകാശം കിട്ടിയാൽ അടച്ചു തീര്‍ക്കാമെന്നും സ്വാതി പറയുന്നു.
അതേ സമയം, 2 കൊല്ലവും 2 മാസവുമായി തിരിച്ചടവ് മുടങ്ങിയിട്ട് എന്ന് മണപ്പുറം ഫിനാൻസ് പറയുന്നു. രണ്ടു തവണ സമയം നീട്ടി നൽകിയിരുന്നു. ഗഡുക്കളായി അടയ്‌ക്കേണ്ട സമയം കഴിഞ്ഞു. ഇനി ഒറ്റത്തവണ അടക്കുക മാത്രമേ സാധ്യത ഉള്ളു എന്നും നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കിയ ശേഷമാണ് ജപ്തി എന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.