ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വെഹിക്കിൾ (പിവി) നിർമ്മാതാക്കളായ മാരുതി സുസുക്കി 2025 ഓഗസ്റ്റിൽ മൊത്തം വിൽപ്പന 1,80,683 യൂണിറ്റായി രേഖപ്പെടുത്തി, കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 1,81,782 യൂണിറ്റായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.54 ശതമാനം ഇടിവാണ് ഇത് രേഖപ്പെടുത്തിയത്. എന്നിരുന്നാലും, 2025 ജൂലൈയിൽ വിറ്റ 1,80,526 യൂണിറ്റുകളെ അപേക്ഷിച്ച് വിൽപ്പനയിൽ നേരിയ വർധനവാണ് രേഖപ്പെടുത്തിയത്. മൊത്തം 36,538 യൂണിറ്റുകൾ വിദേശത്തേക്ക് കയറ്റി അയച്ചപ്പോൾ, പങ്കാളിത്ത കരാർ പ്രകാരം 10,095 യൂണിറ്റുകൾ ടൊയോട്ടയ്ക്ക് വിതരണം ചെയ്തു.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 10,648 യൂണിറ്റായിരുന്നു. മിനി കാർ വിഭാഗത്തിൽ 6,853 യൂണിറ്റുകൾ മാത്രമാണ് വിൽപ്പന നടന്നത്. അതേസമയം ബലേനോ, സെലേറിയോ, ഇഗ്നിസ്, ഡിസയർ, സ്വിഫ്റ്റ്, വാഗൺആർ എന്നിവ ഉൾപ്പെടുന്ന കോംപാക്റ്റ് വാഹന വിഭാഗം 59,597 യൂണിറ്റുകളുടെ വിൽപ്പനയോടെ ആരോഗ്യകരമായ വളർച്ച രേഖപ്പെടുത്തി.
എന്നാൽ എസ്‌യുവികളുടെ വിൽപ്പന വലിയ വ്യത്യാസത്തിൽ കുറഞ്ഞു. 2024 ഓഗസ്റ്റിൽ 62,684 യൂണിറ്റ് യൂട്ടിലിറ്റി വാഹനങ്ങൾ (യുവി) വിറ്റ മാരുതി സുസുക്കിക്ക് ഇത്തവണ 54,043 യൂണിറ്റ് വിൽക്കാൻ കഴിഞ്ഞു. മൊത്തം വിൽപ്പനയിൽ ഈക്കോ വാൻ 10,785 യൂണിറ്റുകൾ വിറ്റഴിച്ചു, അതേസമയം ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾസ് (എൽസിവി) വിഭാഗത്തിൽ മാരുതി സൂപ്പർ കാരി 2,772 യൂണിറ്റുകൾ വിറ്റു.
മാരുതി സുസുക്കിയുടെ ആദ്യത്തെ ബാറ്ററി ഇലക്ട്രിക് വാഹനമായ ഇ വിറ്റാരയുടെ കയറ്റുമതി 2025 ഓഗസ്റ്റിൽ ആരംഭിച്ചതായി മാരുതി സുസുക്കി പ്രതിമാസ വിൽപ്പന റിപ്പോർട്ടിൽ പ്രഖ്യാപിച്ചു. ഗുജറാത്തിലെ പിപാവാവ് തുറമുഖത്ത് നിന്ന് ജർമ്മനി, യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, നോർവേ, സ്വിറ്റ്സർലൻഡ്, ഡെൻമാർക്ക്, ഹംഗറി, സ്വീഡൻ, ഓസ്ട്രിയ, ഐസ്‌ലാൻഡ്, നെതർലാൻഡ്‌സ്, ബെൽജിയം തുടങ്ങിയവ ഉൾപ്പെടെ 12 യൂറോപ്യൻ രാജ്യങ്ങളിലേക്ക് 2,900 യൂണിറ്റിലധികം മാരുതി ഇ വിറ്റാരകൾ കയറ്റി അയച്ചിട്ടുണ്ട്.
ഓഗസ്റ്റ് 26 ന് ഗുജറാത്തിലെ ഹൻസൽപൂരിലെ മാരുതി സുസുക്കിയുടെ നിർമ്മാണ പ്ലാന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാരുതി ഇ വിറ്റാര ഫ്ലാഗ് ഓഫ് ചെയ്തു . ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭത്തിന്റെ ബ്രാൻഡ് അംബാസഡറായി മാരുതി സുസുക്കിയെ പ്രധാനമന്ത്രി പ്രശംസിച്ചു. ഗുജറാത്ത് പ്ലാന്റിൽ മാത്രമായി ഇ വിറ്റാര നിർമ്മിക്കുമെന്നും ലോകമെമ്പാടുമുള്ള 100 ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമെന്നും കമ്പനി വെളിപ്പെടുത്തി.
2026 ന്റെ ആദ്യ പാദത്തിൽ മാരുതി ഇ വിറ്റാര ഇന്ത്യയിൽ പുറത്തിറങ്ങും. രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെയാണ് ഈ ഇലക്ട്രിക് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്, ഒറ്റ ചാർജിൽ 500 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാനും കഴിയും. അതേസമയം, 2025 സെപ്റ്റംബർ 3 ന് മാരുതി സുസുക്കി ഒരു പുതിയ ഇടത്തരം എസ്‌യുവി പുറത്തിറക്കാൻ ഒരുങ്ങുകയാണ്. നിലവിൽ എസ്‍ക്യുഡോ എന്ന പേരിൽ അറിയപ്പെടുന്ന ഈ എസ്‍യുവി അരീന ഡീലർഷിപ്പുകൾ വഴി മാത്രമായി വിൽക്കും.