തിരുവനന്തപുരം: ഗവര്‍ണറുമായുള്ള പിണക്കം വിട്ട് മന്ത്രിമാര്‍ രാജ്ഭവനിലെത്തി. മന്ത്രിമാരായ വി ശിവൻകുട്ടി, പിഎ മുഹമ്മദ് റിയാസ് എന്നിവരാണ് രാജ്ഭവനിൽ നേരിട്ടെത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ടത്. സര്‍ക്കാരിന്‍റെ ഓണം ഘോഷയാത്രക്ക് ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു. ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയശേഷം ഓണക്കോടിയും സമ്മാനിച്ചാണ് മന്ത്രിമാര്‍ രാജ്‍ഭവനിൽ നിന്ന് മടങ്ങിയത്. സര്‍വകലാശാലകളിലെ വിസി നിയമന തര്‍ക്കം, കാവിക്കൊടിയേന്തിയ ഭാരതാംബ തുടങ്ങിയ വിവിധ വിഷയങ്ങളിൽ ഗവര്‍ണര്‍ക്കെതിരെ പരസ്യമായി മന്ത്രിമാര്‍ രംഗത്തെത്തിയിരുന്നു. കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഉള്‍പ്പെടുത്തിയുള്ള പരിപാടിയിൽ നിന്ന് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് ഓണം ആഘോഷത്തിന്‍റെ ഭാഗമായുള്ള ഘോഷയാത്രയ്ക്ക് ഗവര്‍ണറെ മന്ത്രിമാര്‍ നേരിട്ടെത്തി ക്ഷണിച്ചത്. ഓണം വാരാഘോഷം സമാപന ദിവസത്തെ ഘോഷയാത്ര ഫ്ലാഗ് ഓഫ് ഗവര്‍ണര്‍ നിര്‍വഹിക്കും.
സര്‍ക്കാരുമായി ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണറെ ഓണാഘോഷത്തിൽ നിന്ന് ഒഴിവാക്കിയതായി വാര്‍ത്ത വന്നതോടെ ഗവര്‍ണറെ ക്ഷണിക്കുമെന്ന് ഇന്നലെ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. ഗവര്‍ണറെ ക്ഷണിച്ചില്ലെന്ന പ്രചാരണം ശരിയല്ലെന്നും ഗവര്‍ണര്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും പങ്കെടുക്കുമെന്ന് സ്ഥിരീകരണം ലഭിക്കാത്തതിനാലാണ് ഓണം വാരാഘോഷ അറിയിപ്പിൽ പേരുചേര്‍ക്കാതിരുന്നതെന്നുമായിരുന്നു വി ശിവൻകുട്ടിയുടെ വിശദീകരണം. ഓണാഘോഷ പരിപാടി ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള മഞ്ഞുരുകലിന് വേദിയാകുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗവര്‍ണര്‍ രാജ്ഭവനിൽ നടത്തിയ അറ്റ്ഹോം വിരുന്ന് സൽക്കാരം മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്കരിച്ചിരുന്നു. ന്ന് സൽക്കാരത്തിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയം ക്ഷണിച്ചിരുന്നെങ്കിലും പരിപാടിയിൽ മന്ത്രിസഭയിൽ നിന്ന് ആരും പങ്കെടുത്തിരുന്നില്ല. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി മാത്രമാണ് വിരുന്നിൽ പങ്കെടുത്തിരുന്നത്.