സോഷ്യൽ മീഡിയ കീഴടക്കി മോഹൻലാൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ അഭിമുഖം

പ്രമുഖ നടൻ മോഹൻലാൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ സുദീർഘ അഭിമുഖം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറുകയാണ് . ഇഷ്ടതാരത്തോടൊപ്പം വ്യക്തിപരമായ ഇഷ്ടങ്ങളും ഓർമകളും പങ്കുവച്ച മുഖ്യമന്ത്രി, വീട്, കുട്ടിക്കാലം, അമ്മയുമായുള്ള ആത്മബന്ധം തുടങ്ങിയ വിഷയങ്ങളിലൂടെ മനസുതുറന്നത് വൈകാരിക നിമിഷങ്ങൾക്ക് വഴിയൊരുക്കി.

പിണറായി വിജയൻ എന്ന വ്യക്തിയുടെ ഇതുവരെ അധികം പുറത്തുവരാത്ത ജീവിതാനുഭവങ്ങളും കാഴ്ചപ്പാടുകളും അഭിമുഖത്തിൽ പ്രതിഫലിച്ചു. മോഹൻലാലിന്റെ ഗാനത്തോടെ ആയിരുന്നു സംഭാഷണത്തിന്റെ തുടക്കം.

ഏത് സ്ഥാനത്തിരിക്കുന്നതും ഒരു പ്രത്യേക നിയോഗത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിപ്ലവപ്രസ്ഥാനങ്ങളുടെ കനൽപ്പാതകളിലൂടെ നടന്ന കാലഘട്ടവും അദ്ദേഹം ഓർത്തെടുത്തു. അടിയന്തരാവസ്ഥക്കാലത്ത് ലോക്കപ്പിൽ നേരിട്ട മർദനവും ശരീരത്തിലെ തൊലി പൊളിഞ്ഞുപോയ അവസ്ഥയും, രക്തം പുരണ്ട ഷർട്ട് ഏറെ നാൾ സൂക്ഷിച്ചുവച്ചിരുന്നതുമെല്ലാം അദ്ദേഹം പങ്കുവച്ചു.

മുഖ്യമന്ത്രി എന്ന നിലയിൽ ലോക്കപ്പിൽ മർദനം നടത്തുന്ന പൊലീസുകാരോട് ഒരുതരത്തിലും ദയ കാണിക്കാറില്ലെന്നും, നിസ്സഹായരായ മനുഷ്യരെ ക്രൂരമായി മർദിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.

വിമർശനങ്ങളെ എങ്ങനെ നേരിടുന്നുവെന്ന ചോദ്യത്തിന്, തനിക്കെതിരെ വരുന്ന വാർത്തകളിൽ വ്യാകുലപ്പെടാറില്ലെന്നും എതിർപ്പ് ഉയർത്തുന്നവരോട് ഈർഷ്യയില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ പാർട്ടിക്കു കീഴ്പ്പെട്ടാണ് ജീവിക്കുന്നതെന്നും, മക്കളാണ് തന്റെ ദൗർബല്യമെന്നു കരുതി തളർത്താൻ ശ്രമങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഒരഘട്ടത്തിലും തളർന്നിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക