പത്മ പുരസ്‌കാരങ്ങൾ കേരളത്തിന് വലിയ അംഗീകാരം: രാജീവ് ചന്ദ്രശേഖർ

ഈ വർഷത്തെ പത്മ പുരസ്‌കാരങ്ങൾ കേരളത്തിന് ലഭിച്ച വലിയ അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, ജസ്റ്റിസ് കെ.ടി. തോമസ്, മുതിർന്ന പത്രപ്രവർത്തകൻ പി. നാരായണൻ എന്നിവർക്ക് ലഭിച്ചതിൽ എല്ലാ മലയാളികൾക്കും അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അർഹതപ്പെട്ടവരുടെ കൈകളിലേക്കാണ് പുരസ്‌കാരങ്ങൾ എത്തുന്ന ഈ കാലഘട്ടത്തിൽ കേരളത്തിലേക്ക് എത്തിയ ഈ ബഹുമതികൾക്ക് പ്രത്യേക തിളക്കമുണ്ടെന്ന് തിരുവനന്തപുരത്ത് അദ്ദേഹം പറഞ്ഞു.

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിക്കും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിച്ച വി.എസ്. അച്യുതാനന്ദനും സമുദായ നേതാവായ വെള്ളാപ്പള്ളി നടേശനും ലഭിച്ച അംഗീകാരങ്ങൾ ഏറെ ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മാധ്യമരംഗത്ത് പി. നാരായണന്റെ നേട്ടവും കലാരംഗത്തെ വിമല മേനോൻ, കൃഷിരംഗത്തെ കൊല്ലക്കൽ ദേവകിയമ്മ എന്നിവർക്ക് ലഭിച്ച പത്മശ്രീ പുരസ്‌കാരങ്ങളും കേരളത്തിന് വലിയ മുതൽക്കൂട്ടാണെന്നും രാജീവ് ചന്ദ്രശേഖർ അഭിനന്ദിച്ചു.

മറുപടി രേഖപ്പെടുത്തുക