ദില്ലി : ബലാത്സംഗ കേസിലെ പ്രതിയായ പഞ്ചാബിലെ എഎപി എംഎൽഎ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. ഹർമീത് പഠാൻമാജ്രയാണ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ടത്. പൊലീസിന് നേരെ വെടിവെച്ച ശേഷമാണ് രക്ഷപ്പെട്ടത്. മുൻ ഭാര്യ നൽകിയ ബലാത്സംഗ കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്. ഹരിയാനയിലെ കർണാലിൽ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
എന്നാൽ, അറസ്റ്റിന് ശേഷം എംഎൽഎയും കൂട്ടാളികളും പൊലീസിന് നേരെ വെടിയുതിർക്കുകയും ഒരു ഉദ്യോഗസ്ഥനെ വാഹനമിടിച്ച് പരിക്കേൽപ്പിച്ച് രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിൽ എംഎൽഎക്ക് വേണ്ടി പൊലീസ് തിരച്ചിൽ തുടരുകയാണ്.
തന്നെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരിതമാണെന്ന് പഠാൻമാജ്ര ആരോപിച്ചു. സ്വന്തം സർക്കാരിനും എഎപി കേന്ദ്ര നേതൃത്വത്തിനുമെതിരെ ശബ്ദമുയർത്തിയതാണ് തനിക്കെതിരെ കേസെടുക്കാൻ കാരണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസം പഞ്ചാബ് സർക്കാരിന്റെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളെ പഠാൻമാജ്ര വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ സുരക്ഷ പിൻവലിക്കുകയും ചെയ്തിരുന്നു.