ശബരിമല യുവതി പ്രവേശനം അടഞ്ഞ അധ്യായമല്ല,സർക്കാരും ദേവസ്വം ബോർഡും അയ്യപ്പസംഗമത്തിന് മുമ്പായി സുപ്രീംകോടതിയിലെ സത്യവാങ്മൂലം പിൻവലിക്കണം:രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം:ശബരിമല യുവതി പ്രവേശന വിഷയം അടഞ്ഞ അധ്യായമല്ലന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അത്തരത്തിൽ പറഞ്ഞൊഴിയുന്ന സി പി എം നേതൃത്വം അയ്യപ്പഭക്തരെ വീണ്ടും അപമാനിക്കുകയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിനും സംസ്ഥാന സർക്കാരിനും ഭക്തരോട് അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ പമ്പയിലെ സമ്മേളനത്തിനു മുൻപ് ശബരിമലയിലെ ആചാരങ്ങൾക്കെതിരായി സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന സത്യവാങ്മൂലം പിൻവലിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ  ആവശ്യപ്പെട്ടു. ശ

ബരിമല അയ്യപ്പ സംഗമത്തിന്റെ പേരിൽ ഭക്തരെ കബളിപ്പിക്കാനാണ് സിപിഎം ശ്രമം. അത്തരം ശ്രമങ്ങൾ ഒന്നും ഇനി വിലപോവില്ല. ദേവസ്വം ബോർഡ് സർക്കാരും സിപിഎമ്മും ഇപ്പോൾ കാട്ടുന്നത് ആത്മാർത്ഥമായ ശ്രമമല്ല, മറിച്ച് തിരഞ്ഞെടുപ്പ് അടുക്കാറാകുമ്പോഴുള്ള മുതലെടുപ്പ് രാഷ്ട്രീയം മാത്രമാണ്. സിപിഎമ്മിന്റെ ഈ അവസരവാദ രാഷ്ട്രീയം മുഴുവൻ ഹിന്ദു വിശ്വാസികൾക്കും മനസ്സിലായിട്ടുണ്ട്. അതുകൊണ്ടുതന്നെ ശബരിമല യുവതി പ്രവേശന വിഷയം അടഞ്ഞ അധ്യായമാണെന്ന് എം.വി. ഗോവിന്ദന്റെ പ്രസ്താവന തെറ്റാണ്. ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ മനസ്സിൽ എന്നും ഉണങ്ങാത്ത മുറിവാണ് 2018-ൽ സിപിഎമ്മും എൽഡിഎഫ് സർക്കാരും ഉണ്ടാക്കിയത്. ശബരിമലയുടെ പരിപാവനത കളങ്കപ്പെടുത്തുകയും ഭക്തരുടെ വികാരത്തെ ചവിട്ടിമെതിക്കുകയും ചെയ്ത പിണറായി സർക്കാരിന്റെ ഭൂതകാലം ഒരു വിശ്വാസിയും ഒരിക്കലും മറക്കുകയുമില്ല, പൊറുക്കുകയുമില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഉള്ള സിപിഎമ്മിന്റെ തന്ത്രം മാത്രമാണ് ഇപ്പോഴത്തെ ഈ പ്രസ്താവനകളും നിലപാടും. പറയുന്ന വാക്കിനോട് സിപിഎമ്മിന് ഒരല്പമെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ പമ്പയിലെ സമ്മേളനത്തിന് മുമ്പ് സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന ശബരിമലയിലെ ആചാരങ്ങൾക്കെതിരായ സത്യവാങ്മൂലം പിൻവലിക്കാൻ തയ്യാറാകണം. മാത്രമല്ല, നാമം ജപിച്ച് പ്രതിഷേധിച്ചതിന്റെ പേരിൽ സംസ്ഥാനത്തുടനീളം രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളും പിൻവലിച്ച്‌ ഭക്തർക്ക് നീതി നൽകണം. സിപിഎമ്മിന്റെ സഹായത്തോടെയാണ് ബിന്ദു അമ്മിണിയെയും കൂട്ടരെയും ശബരിമലയിൽ പ്രവേശിപ്പിച്ച് ആചാര ലംഘനം നടത്തിയത്. രഹന ഫാത്തിമ അടക്കമുള്ളവരെ മലയിലേക്ക് എത്തിച്ചതും സി പി എമ്മാണ്. സിപിഎം നേതാക്കളുടെ അക്കാലത്തെ വിദ്വേഷ പ്രസംഗങ്ങൾ അയ്യപ്പ വിശ്വാസികൾ മറക്കില്ല.

പമ്പയിൽ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്നത് ഭക്തർക്കുവേണ്ടിയുള്ള സംഗമമല്ല, സിപിഎമ്മിന്റെ രാഷ്ട്രീയ മുതലെടുപ്പ് സംഗമം മാത്രമാണ്. സിപിഎമ്മിന്‍റെ  ഈ മുതലെടുപ്പ് തിരിച്ചറിഞ്ഞ് സുപ്രീം കോടതിയിലെ സത്യവാങ്മൂലത്തിന്റെ കാര്യത്തിലും ഭക്തർക്കെതിരായി എടുത്തിരിക്കുന്ന കേസുകളുടെ കാര്യത്തിലും പന്തളം കൊട്ടാരം രേഖപ്പെടുത്തിയ ആശങ്ക അയ്യപ്പഭക്തരുടെ മുഴുവൻ ആശങ്കയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു