ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ഉൾപ്പെട്ട റേഷൻ കാർഡ് റദ്ദാക്കി

കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ടിരുന്ന റേഷൻ കാർഡ് റദ്ദാക്കി. തെറ്റായ വിവരങ്ങൾ നൽകി കാർഡിൽ പേര് ചേർത്തുവെന്ന കാർഡ് ഉടമയുടെ മക്കളുടെ പരാതിയെത്തുടർന്നാണ് നടപടി സ്വീകരിച്ചത്. തുവയൂർ സ്വദേശികൾ നൽകിയ പരാതിയിലാണ് നടപടി ഉണ്ടായത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ റേഷൻ കാർഡിൽ വ്യാജമായി പേര് ചേർത്തതാണെന്നും പരാതിയിൽ ആരോപിക്കുന്നു.

കാർഡ് ഉടമയുടെ ഭർത്താവിന്റെ സഹോദരിയുടെ മകളെന്ന നിലയിലാണ് ശ്രീനാദേവിയുടെ പേര് കാർഡിൽ ഉൾപ്പെടുത്തിയതെന്ന് പറയുന്നു. എന്നാൽ കാർഡ് ഉടമയ്ക്ക് ഭർത്താവിന്റെ സഹോദരിയോ മകളോ ഇല്ലെന്നും, കാർഡ് ഉടമ 2024 സെപ്റ്റംബർ 18ന് മരിച്ചുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് കാർഡിൽ നിന്ന് ഒഴിവാക്കാൻ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ നിർദേശം നൽകി.

ഈ വിലാസത്തിൽ നിലവിൽ ആരും താമസിക്കുന്നില്ലെന്ന് കണ്ടെത്തിയതിനാൽ റേഷൻ കാർഡ് പൂർണമായും റദ്ദാക്കാനും ഉത്തരവിട്ടിട്ടുണ്ട്. റേഷൻ കാർഡ് റദ്ദാക്കിയ നടപടി ശ്രീനാദേവിയുടെ ജില്ലാ പഞ്ചായത്ത് അംഗത്വത്തെയും ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന.

അതേസമയം, റേഷൻ കാർഡ് റദ്ദാക്കിയത് രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ശ്രീനാദേവി കുഞ്ഞമ്മ ആരോപിച്ചു. സിപിഐയാണ് ഇതിന് പിന്നിലെന്നും അവർ പറഞ്ഞു. വിഷയത്തിൽ നിയമപരമായ നടപടി സ്വീകരിച്ച് കോടതിയെ സമീപിക്കുമെന്നും ശ്രീനാദേവി വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക