ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്‍ ജാമ്യം ലഭിച്ചു ജയിലിന് പുറത്തിറങ്ങി . കൊല്ലം വിജിലന്‍സ് കോടതിയാണ് ദ്വാരപാലക-കട്ടിള പാളി കേസുകളുമായി ബന്ധപ്പെട്ട് ജാമ്യം അനുവദിച്ചത്. ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠരര്‍ രാജീവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കോടതി തള്ളിയിരുന്നു .
അറസ്റ്റിലായി നാല്‍പത്തിയൊന്നാം ദിവസമാണ് തന്ത്രി ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്, കോടതി അനുമതി കൂടാതെ സംസ്ഥാനം വിടരുത്, പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം, ചൊവ്വയും ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകള്‍ കോടതി നിര്‍ദേശിച്ചു.
നേരത്തെ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയടക്കം കേസിലെ അഞ്ച് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാകുമെന്ന വിലയിരുത്തലും ഉയര്‍ന്നുവരുന്നുണ്ട്.
