സെപ്റ്റംബര്‍ ഒന്പതിന് പ്രാദേശിക അവധി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം; വള്ളംകളിക്കൊരുങ്ങി ആറൻമുള

മാവേലിക്കര: ആറൻമുള ഊതൃട്ടാതി വള്ളംകളി നടക്കുന്ന സെപ്റ്റംബർ ഒമ്പതിന് ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ ഉത്തരവായി. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടക്കും.

ആറൻമുള ഉത്രട്ടാതി വള്ളംകളി; ഐതിഹ്യവും ആചാരങ്ങളും ഇഴചേർന്ന ജലഘോഷയാത്ര പാരമ്പര്യവും

 ആധ്യാത്മികമായ പശ്ചാത്തലവും കൊണ്ട് കേരളത്തിലെ മറ്റ് വള്ളംകളികളിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഒന്നാണ് ആറൻമുള ഉത്രട്ടാതി വള്ളംകളി. മത്സരത്തിനപ്പുറം, ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആചാരങ്ങളുമായും അനുഷ്ഠാനങ്ങളുമായും ഈ വള്ളംകളിക്ക് അഭേദ്യമായ ബന്ധമുണ്ട്. ചിങ്ങമാസത്തിലെ തിരുവോണം കഴിഞ്ഞുള്ള ഉത്രട്ടാതി നാളിലാണ് ഈ ജലമേള നടക്കുന്നത്. ഈ ദിവസം തന്നെയാണ് ആറൻമുളയിലെ പാർത്ഥസാരഥി ഭഗവാന്റെ പ്രതിഷ്ഠാ ദിനവും.

ഈ വള്ളംകളിയുടെ ഉത്ഭവത്തിന് പിന്നിൽ നിരവധി ഐതിഹ്യങ്ങളുണ്ട്. അർജുനൻ നിലയ്ക്കലിൽ പ്രതിഷ്ഠിച്ച പാർത്ഥസാരഥി വിഗ്രഹം പിന്നീട് ഭൂമിദേവി ആറൻമുളയിലേക്ക് മാറ്റി സ്ഥാപിച്ചുവെന്നാണ് ഒരു വിശ്വാസം. ഉത്രട്ടാതി ദിവസം പള്ളിയോടങ്ങളിൽ ദേവസാന്നിധ്യമുണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു.

മറ്റൊരു ഐതിഹ്യം കാട്ടൂർ മങ്ങാട്ട് ഭട്ടതിരിയുമായി ബന്ധപ്പെട്ടതാണ്. കുട്ടികളില്ലാതിരുന്ന അദ്ദേഹത്തിന് കൃഷ്ണദർശനമുണ്ടായെന്നും, തിരുവോണത്തിന് ആറൻമുള ക്ഷേത്രത്തിൽ വന്ന് തനിക്ക് സദ്യ നൽകിയാൽ മതിയെന്ന് ഭഗവാൻ നിർദ്ദേശിച്ചുവെന്നും പറയപ്പെടുന്നു. തുടർന്ന് വർഷം തോറും സദ്യയ്ക്കുള്ള വിഭവങ്ങളുമായി ഭട്ടതിരി തിരുവോണത്തലേന്ന് തോണിയിൽ ആറൻമുളയിലേക്ക് യാത്ര ചെയ്തിരുന്നു. ഒരിക്കൽ വഴിമധ്യേ അദ്ദേഹത്തിൻ്റെ തോണി ആക്രമിക്കപ്പെട്ടപ്പോൾ, കരക്കാർ വള്ളങ്ങളിലെത്തി സംരക്ഷണം നൽകി. ഇതിൻ്റെ സ്മരണയ്ക്കായാണ് പിന്നീട് എല്ലാ വർഷവും പോർ വള്ളങ്ങളായ ചുണ്ടൻ വള്ളങ്ങൾ തിരുവോണത്തോണിക്ക് അകമ്പടി സേവിച്ചു തുടങ്ങിയത്.

ഈ അനുസ്മരണത്തിൻ്റെ ഭാഗമായാണ് ആറൻമുളയിൽ പള്ളിയോടങ്ങളുടെ ജലഘോഷയാത്ര ഉണ്ടായത്. പിന്നീട് എല്ലാ പള്ളിയോട കരക്കാരെയും പങ്കെടുപ്പിച്ച് പ്രതിഷ്ഠാദിനമായ ഉത്രട്ടാതിയിൽ വള്ളംകളിയും ആരംഭിച്ചു. ആറൻമുള വള്ളംകളിയുടെ കാലപ്പഴക്കം സംബന്ധിച്ച് പല അഭിപ്രായങ്ങളുണ്ട്. കുട്ടനാട്ടിലെ ചുണ്ടൻ വള്ളങ്ങളിൽ നിന്ന് കെട്ടിലും മട്ടിലും വ്യത്യസ്തമാണ് ആറൻമുളയിലെ ചുണ്ടൻ വള്ളങ്ങൾ. ആറൻമുള ഭഗവാന് സമർപ്പിക്കപ്പെട്ട വള്ളങ്ങളായതിനാലാണ് ഇവയെ പള്ളിയോടങ്ങൾ എന്ന് വിളിക്കുന്നത്. ഇവയുടെ അമരവും അണിയവും മറ്റ് ചുണ്ടൻ വള്ളങ്ങളിൽ നിന്ന് വ്യത്യസ്തമാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു