ഇറാനിൽ അധികാരത്തിൽ എത്തുന്നവർ അമേരിക്കൻ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ അവരെ വധിക്കണമെന്ന് യുഎസ് സെനറ്റർ ലിൻഡ്‌സെ ഗ്രഹാം . ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഗ്രഹാമിന്റെ വിവാദ പരാമർശം. ഇറാനിയൻ പരമോന്നത നേതാവ് ഖമേനിയെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് നടന്ന കൊലപാതകങ്ങൾ യുഎസ്–ഇസ്രായേൽ ഭരണമാറ്റ നടപടികളുടെ ആദ്യഘട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ ഭരണകൂടം “അവസാന ഘട്ടത്തിലാണെന്നും, അവരെ അവസാനിപ്പിക്കണം” എന്നും ഗ്രഹാം അഭിപ്രായപ്പെട്ടു. ഇറാന്റെ നേതൃത്വത്തിലുള്ളവർ അമേരിക്കയെ ലക്ഷ്യമിടാത്തപ്പോഴാണ് ആത്യന്തിക സുരക്ഷ ഉറപ്പാകുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഇറാൻ ഭരണകൂടം തകർന്നതിന് ശേഷം ആരാണ് ഇറാന്റെ അധികാരം ഏറ്റെടുക്കുക എന്നത് വ്യക്തമായില്ലെങ്കിലും, അമേരിക്കയുടെ സുഹൃത്തുക്കൾക്ക് അമേരിക്കയും പിന്തുണ നൽകുമെന്നും, ശത്രുത തുടരുകയാണെങ്കിൽ അതിന്റെ ഫലം നേരിടേണ്ടി വരുമെന്നും ഗ്രഹാം മുന്നറിയിപ്പ് നൽകി.
അമേരിക്ക വിരുദ്ധ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഇറാൻ വർഷങ്ങളായി പിന്തുണ നൽകിയിട്ടുണ്ടെന്ന ആരോപണവും അദ്ദേഹം ആവർത്തിച്ചു. അഭിമുഖത്തിൽ, പ്രസിഡന്റ് ട്രംപിന്റെ ഇടപെടൽ നയത്തെ പ്രശംസിച്ച ഗ്രഹാം, ലെബനനിലെ ഇറാനുമായി സഖ്യമുള്ള ഹിസ്ബുല്ലക്കെതിരേ ഇസ്രായേലിനൊപ്പം ഉടൻ സൈനിക നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
