വി.കെ. പ്രശാന്ത് എംഎൽഎ ഓഫീസ് മരുതംകുഴിയിലേക്ക് മാറ്റുന്നു

ശാസ്തമംഗലത്തെ ഓഫീസ് കെട്ടിടത്തെച്ചൊല്ലി ബിജെപി കൗൺസിലർ ആർ. ശ്രീലേഖയുമായി ദീർഘനാളായി തുടരുന്ന തർക്കത്തിനൊടുവിൽ വി.കെ. പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയാൻ തീരുമാനിച്ചു. ശാസ്തമംഗലത്ത് പ്രവർത്തിച്ചിരുന്ന എംഎൽഎ ഓഫീസ് മരുതംകുഴിയിലേക്കാണ് മാറ്റുന്നത്.

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരമേറ്റതിന് പിന്നാലെ എംഎൽഎ ഓഫീസും കൗൺസിലർ ഓഫീസും ഒരേ കെട്ടിടത്തിൽ പ്രവർത്തിച്ചതിനെച്ചൊല്ലിയാണ് വിവാദം ഉടലെടുത്തത്. കൗൺസിലർ ഓഫീസിലെ സ്ഥലപരിമിതി ചൂണ്ടിക്കാട്ടി എംഎൽഎ ഓഫീസ് ഒഴിയണമെന്ന് ആർ. ശ്രീലേഖ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കോർപ്പറേഷനുമായുള്ള കരാർ പ്രകാരം മാർച്ച് വരെ കെട്ടിടത്തിൽ അവകാശമുണ്ടെന്ന് വി.കെ. പ്രശാന്ത് ആദ്യം വ്യക്തമാക്കിയിരുന്നു.

വിഷയം രാഷ്ട്രീയ ചർച്ചയായതോടെ ഇരുവരും സുഹൃത്തുക്കളാണെന്നും ഓഫീസ് ഒഴിയണമെന്ന് അഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ശ്രീലേഖ പ്രതികരിച്ചത്. എംഎൽഎ ഓഫീസ് ഒഴിയുന്നതുവരെ പരിമിതമായ സൗകര്യങ്ങളിൽ നിന്ന് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയ വീഡിയോ ഉൾപ്പെടെ ഫേസ്ബുക്കിൽ പങ്കുവച്ച പ്രതിഷേധത്തിനൊടുവിലാണ് ഇപ്പോൾ ഓഫീസ് മാറ്റാനുള്ള തീരുമാനം ഉണ്ടായത്.

മറുപടി രേഖപ്പെടുത്തുക