‘ലീഗും കേരള കോണ്‍ഗ്രസും ചേര്‍ന്നതല്ലേ യുഡിഎഫ്’; ആഗോള അയ്യപ്പ സംഗമത്തിന് അവര്‍ വന്നില്ലെങ്കിലും കുഴപ്പമില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

ഇടുക്കി: ആഗോള അയ്യപ്പ സംഗമത്തിൽ യുഡിഎഫ് വരേണ്ട കാര്യമില്ലെന്നും മുസ്ലിം ലീഗും കേരള കോൺഗ്രസും ചേർന്നതല്ലേ യു ഡി എഫ് എന്നും അവര്‍ വന്നില്ലെങ്കിലും കുഴപ്പമില്ലെന്നും വെള്ളാപ്പള്ളി നടേശൻ. അനാവശ്യ വിവാദം ഉണ്ടാക്കി ശബരിമല മലയെ വിവാദ ഭൂമിയാക്കരുതെന്നും വെള്ളാപ്പള്ളി നടേശൻ ന്യൂസിനോട് പറഞ്ഞു. അയ്യപ്പ വിരോധികൾ ആണ് ആഗോള അയ്യപ്പ സംഗമത്തെ എതിര്‍ക്കുന്നത്. എൽ ഡി എഫ് കൊണ്ട് വന്നു എന്ന് കരുതി എതിർക്കേണ്ടതില്ല. പറഞ്ഞത് ശരി ആണെങ്കിൽ അംഗീകരിക്കണം. യുഡിഎഫ് ആലോചിച്ചില്ലെങ്കിലും ഒരു പുല്ലും സംഭവിക്കില്ല. സ്ത്രീ പ്രവേശനം കഴിഞ്ഞ അധ്യായം എന്ന് എംവി ഗോവിന്ദൻ തന്നെ പറഞ്ഞു. സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ അനുകൂലിക്കുന്നില്ല എന്നാണ് ആ പറഞ്ഞതിന്‍റെ അര്‍ത്ഥം. 

സ്ത്രീ പ്രവേശനം വേണ്ട എന്നാണ് എസ്‍എൻഡിപി യോഗത്തിന്‍റെയും നിലപാടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആഗോള അയ്യപ്പ സംഗമം തെറ്റാണെന്നു ചിലർ പറയുന്നു. ശബരിമലയുടെ പ്രശസ്തി ആഗോള തലത്തിൽ എത്തിക്കാനുള്ള ശ്രമത്തെ ചില ദുഷ്ടശക്തികൾ തകർക്കാൻ ശ്രമിക്കുകയാണ്. ഇടതു പക്ഷം ശരി ചെയ്യുമ്പോൾ അംഗീകരിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

‘ലീഗിന് മുന്നിൽ കുഞ്ഞിരാമന്മാരായി കോണ്‍ഗ്രസ് അധഃപതിച്ചു’

ചില മാധ്യമങ്ങൾ എസ് എൻ ഡി പി യോഗത്തോട് വിവേചനം കാണിക്കുന്നുവെന്നും എസ്എൻഡിപിയുടെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളോട് ജനപ്രതിനിധികൾ അവഗണന കാണിക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. മലപ്പുറത്തു വെച്ച് താൻ പറഞ്ഞത് സത്യം മാത്രമാണ്. അനാവശ്യം ഒന്നും പറഞ്ഞില്ല. ലീഗിന് ഒരു ജില്ലയിൽ മാത്രം 11 കോളേജുകളുണ്ട്. അവർക്ക് കൊടുക്കുമ്പോൾ എസ് എൻ ഡി പി ക്കും തരണ്ടേ?. മുസ്ലിം സമുദായത്തെ ഒന്നും പറഞ്ഞില്ല. മതാധിപത്യമാണ് ഇവിടെ നടക്കുന്നത്. ഒരു യൂണിവേഴ്സിറ്റിയിൽ പോലും വൈസ് ചാന്‍സിലറായി ഈഴവൻ ഇല്ല. ശ്രീനാരായണ യൂണിവേഴ്സിറ്റിയിൽ പോലും നിയമിച്ചില്ല. എൽ ഡി എഫിനെ താഴെ ഇറക്കി യു ഡി എഫ് നെ അധികാരത്തിൽ എത്തിക്കണമെന്ന് ഉത്തരവാദിത്വപെട്ടവർ ആവശ്യപ്പെട്ടെങ്കിലും

ഇത് താൻ നിഷേധിച്ചു. അത് കൊണ്ടാണ് അവര്‍ തനിക്കെതിരെ തിരിഞ്ഞത്. മതത്തിനു അടിസ്ഥാനമായി ഇന്ത്യയിൽ ഭരണം വേണമെന്ന് ആവശ്യപ്പെടുന്നവരാണ് മുസ്ലിങ്ങൾ. മുസ്ലിം ലീഗിന് മുന്നിൽ കുഞ്ഞിരാമൻമാരായി കോൺഗ്രസ്‌ അധഃപതിച്ചു. ചാടിക്കളിക്കാൻ പറയുമ്പോ ചെയ്യും. ഇതോടെ കേരളം മതാധിപത്യത്തിന് കീഴടങ്ങി. ജനാധിപത്യം നശിച്ചു. നമ്മുടെ വോട്ടുകൾക്ക് വില ഉണ്ടാകണം. ഈഴവർ എല്ലാവരും ഒരുമിച്ച് നിൽക്കണം. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിക്കണം. അവരവർ വിശ്വസിക്കുന്ന പാർട്ടിയിൽ സീറ്റ്‌ നേടാൻ ശ്രമിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു