വയനാട് ദുരന്തബാധിതർക്കായി മാതൃകാ ടൗൺഷിപ്പ്: ആദ്യഘട്ടം പൂർത്തിയാകുന്നു

മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിൽ വീടുകൾ നഷ്ടമായ കുടുംബങ്ങൾക്കായി വയനാട്ടിലെ കൽപ്പറ്റ ഏൽസ്റ്റൺ എസ്റ്റേറ്റിൽ ഒരുക്കുന്ന മാതൃകാ പുനരധിവാസ ടൗൺഷിപ്പിന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാവുകയാണ്. ഫെബ്രുവരി 25-ന് വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം നിർവഹിക്കുകയും ഗുണഭോക്താക്കൾക്ക് പട്ടയങ്ങൾ വിതരണം ചെയ്യുകയും ചെയ്യും.

ജില്ലയുടെ ഭൂപ്രകൃതിയെയും കാലാവസ്ഥാ പ്രത്യേകതകളെയും പരിഗണിച്ച് വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ, തൊഴിലാളികൾ എന്നിവരുടെ ഏകോപിത പ്രവർത്തനത്തിലൂടെയാണ് ഈ മഹത്തായ പദ്ധതി യാഥാർഥ്യമാകുന്നത്. ദുരന്തത്തിൽ പൂർണ്ണമായും വീട് നഷ്ടമായ കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വീടുകൾ നൽകുന്നത്.

ആകെ 410 വീടുകളും അനുബന്ധ സൗകര്യങ്ങളും ഉൾക്കൊള്ളുന്ന പദ്ധതിയിൽ, ഒന്നാംഘട്ടമായി 178 വീടുകളാണ് നിർമാണം പൂർത്തിയായത്. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാനാകുന്ന വിധത്തിൽ ഏഴ് സെന്റ് ഭൂമിയിൽ 1000 ചതുരശ്ര അടി വിസ്തൃതിയിലാണ് ഓരോ വീടും നിർമ്മിച്ചിരിക്കുന്നത്. ഭാവിയിൽ രണ്ടാം നില പണിയാൻ കഴിയുന്ന ശക്തമായ അടിത്തറയോടെയാണ് ഒറ്റനില കെട്ടിടങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. പ്രധാന കിടപ്പുമുറിയോടൊപ്പം രണ്ട് മുറികൾ, സിറ്റൗട്ട്, ലിവിങ് റൂം, സ്റ്റഡി റൂം, ഡൈനിങ് ഹാൾ, അടുക്കള, സ്റ്റോർ ഏരിയ എന്നിവയും ഉൾപ്പെടുത്തിയ സമ്പൂർണ സൗകര്യങ്ങളോടെയാണ് വീടുകൾ.

ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഏൽസ്റ്റൺ എസ്റ്റേറ്റിലെ 64.4705 ഹെക്ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. 410 വീടുകളിലായി 1662-ലധികം ആളുകൾക്കാണ് സുരക്ഷിതമായ താമസ സൗകര്യം ഒരുക്കുന്നത്. വീടുകൾക്ക് പുറമെ പൊതു റോഡുകൾ, ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ടൗൺഷിപ്പിൽ സജ്ജമാക്കും.

ആരോഗ്യകേന്ദ്രത്തിൽ ലബോറട്ടറി, ഫാർമസി, പരിശോധന-വാക്സിനേഷൻ-ഒബ്സർവേഷൻ മുറികൾ, ഒ.പി., ടിക്കറ്റ് കൗണ്ടർ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാകും. പൊതുമാർക്കറ്റിൽ കടകൾ, സ്റ്റാളുകൾ, ഓപ്പൺ മാർക്കറ്റ്, കുട്ടികൾക്കായുള്ള കളിസ്ഥലം, പാർക്കിങ് സൗകര്യം എന്നിവ ഒരുക്കും. കമ്മ്യൂണിറ്റി സെന്ററിൽ മൾട്ടി പർപ്പസ് ഹാൾ, ലൈബ്രറി, സ്പോർട്സ് ക്ലബ്ബ്, കളിസ്ഥലം, ഓപ്പൺ എയർ തിയേറ്റർ തുടങ്ങിയ സൗകര്യങ്ങളും ഉൾപ്പെടും. സോളാർ സംവിധാനവും മെമ്മോറിയലും എം.സി.എഫ് സംവിധാനവും പദ്ധതിയുടെ ഭാഗമായാണ് ഒരുക്കുന്നത്.

ദുരന്തബാധിതർക്ക് സുരക്ഷിതമായ ആവാസവ്യവസ്ഥ വേഗത്തിൽ ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2025 മാർച്ച് 27-ന് മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പിന് തറക്കല്ലിട്ടിരുന്നു. എല്ലാം നഷ്ടപ്പെട്ട ഒരുകൂട്ടം ജനതയുടെ പുതുജീവിത സ്വപ്നമായി മാറുന്ന ഏൽസ്റ്റൺ മാതൃകാ ടൗൺഷിപ്പിന്റെ ശേഷിച്ച നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

കൽപ്പറ്റ ഏൽസ്റ്റണിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഒ.ആർ. കേളു, റോഷി അഗസ്റ്റിൻ, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി. ഗണേഷ്‌കുമാർ, പി.എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, എം.പി. പ്രിയങ്ക ഗാന്ധി, ടി. സിദ്ദിഖ് എം.എൽ.എ, ചീഫ് സെക്രട്ടറി ഡോ. വി. വേണു, റവന്യൂ-ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ടൗൺഷിപ്പ് പ്രോജക്ട് സ്പെഷ്യൽ ഓഫീസർ എസ്. സുഹാസ് തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും.

മറുപടി രേഖപ്പെടുത്തുക