കോഴിക്കോട്, വയനാട് ജില്ലകളിലെ ജനങ്ങളുടെ യാത്രാ ദുരിതത്തിന് ആശ്വാസമാകുന്ന ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത പദ്ധതിക്ക് അന്തിമ അനുമതി ലഭിച്ചു. കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം സ്റ്റേജ്–2 ക്ലിയറൻസ് നൽകിയതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. മന്ത്രാലയത്തിന്റെ തീരുമാനം സന്തോഷകരമാണെന്നും അദ്ദേഹം പ്രതികരിച്ചു.
താമരശേരി ചുരത്തിൽ പതിവായി ഉണ്ടാകുന്ന ഗതാഗത കുരുക്കുകളും റോഡ് തകർച്ചയും മൂലം വർഷങ്ങളായി ചർച്ചയിലുണ്ടായിരുന്ന പദ്ധതിയാണിത്. താമരശേരി ചുരത്തിന് ബദലായി നാലുവരി തുരങ്കപാത നിർമ്മിക്കാൻ കഴിഞ്ഞ വർഷം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രാഥമിക അനുമതി നൽകിയിരുന്നു. തുടർന്ന് സർക്കാർ നിർമാണ നടപടികളിലേക്ക് കടക്കുകയായിരുന്നു.
മറിപ്പുഴ–മുത്തപ്പൻപുഴ–ആനക്കാംപൊയിൽ റോഡുമായി കോഴിക്കോട് ജില്ലയിൽ പാത ബന്ധിപ്പിക്കും. മലയോര ഹൈവേയിൽ നിന്ന് തുരങ്കപാത ആരംഭിക്കുന്ന മറിപ്പുഴയിലേക്ക് ഏകദേശം 10 കിലോമീറ്റർ ദൂരമുണ്ട്. ആകെ 8.73 കിലോമീറ്റർ നീളമുള്ള നാലുവരി പാതയിൽ അപ്രോച്ച് റോഡുകളും ഉൾപ്പെടും. വയനാട്ടിൽ മേപ്പാടി–കള്ളാടി–ചൂരൽമല റോഡുമായാണ് തുരങ്കപാത ബന്ധിപ്പിക്കുക.
കിഫ്ബി ഫണ്ടുപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഭോപ്പാൽ ആസ്ഥാനമായ ദിലിപ് ബിൽഡ്കോൺ, കൊൽക്കത്ത ആസ്ഥാനമായ റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നീ കമ്പനികളാണ് നിർമാണ കരാർ ഏറ്റെടുത്തിരിക്കുന്നത്. 2134 കോടി രൂപയാണ് പദ്ധതി ചെലവ്. യാത്ര കൂടുതൽ സുഗമമാക്കുന്നതിനൊപ്പം സുഗന്ധവ്യഞ്ജനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങി കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്കും പ്രാദേശിക ടൂറിസത്തിനും ഈ പദ്ധതി സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
