എന്തുകൊണ്ട്? അമേരിക്കയിലെ ഉയർന്ന ശമ്പളമുള്ള ജോലിയുപേക്ഷിച്ച് ഇന്ത്യയിലേക്ക് മടക്കം, കാരണം പറഞ്ഞ് ദമ്പതികൾ

ഐബിഎം മെറ്റ, ഗൂഗിൾ, എസ് & പി, സെയിൽസ്ഫോഴ്സ് തുടങ്ങിയ മുൻനിര സ്ഥാപനങ്ങളിൽ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങി ദമ്പതികൾ. സ്വന്തം നാട്ടിലേക്ക് മടങ്ങിയതിന്റെ കാരണവും ഇവർ ബിസിനസ് ഇൻസൈഡറിനോട് പങ്കുവച്ചു. ഹേമന്ത് പാണ്ഡെ, വാഷു ശർമ്മ എന്നീ ദമ്പതികൾ 2024 നവംബറിലാണ് കാലിഫോർണിയയിൽ നിന്ന് ബെംഗളൂരുവിലേക്ക് താമസം മാറിയത്.

2016 -ൽ ന്യൂയോർക്കിലെ സ്റ്റോണി ബ്രൂക്ക് സർവകലാശാലയിൽ നടന്ന മാസ്റ്റേഴ്‌സ് പ്രോഗ്രാമിനിടെയാണ് ഇരുവരും കണ്ടുമുട്ടിയതെന്നാണ് ബിസിനസ് ഇൻസൈഡറിലെ റിപ്പോർട്ട് പറയുന്നത്. 2020 -ൽ ഇരുവരും വിവാഹിതരായി. യുഎസ്സിൽ വിജയകരമായ ജീവിതം നയിക്കുമ്പോഴും എപ്പോഴും ഇന്ത്യയിലേക്ക് മടങ്ങണമെന്ന് ദമ്പതികൾ ആ​ഗ്രഹിച്ചിരുന്നു.

‘2017 -ൽ ഞങ്ങൾ ബിരുദം നേടി. ശേഷം വാഷു ഐബിഎം, മെറ്റ, ഗൂഗിൾ എന്നിവിടങ്ങളിലെല്ലാം ജോലി ചെയ്തു. ഞാൻ ടെസ്‌ല, എസ്എപി, സെയിൽസ്ഫോഴ്‌സ്, മെറ്റ എന്നിവിടങ്ങളിലായിരുന്നു ജോലി ചെയ്തത്. 2020 -ൽ ഞങ്ങൾ വിവാഹിതരായി’ – പാണ്ഡെ പറയുന്നു. നാട്ടിലേക്ക് തിരികെ വരാൻ ഒരുപാട് കാരണങ്ങളുണ്ട് എന്നാണ് പാണ്ഡെ പറയുന്നത്.

‘അവധിക്ക് ഇന്ത്യയിലേക്ക് വരുമ്പോഴെല്ലാം അത് തന്നെ സന്തോഷിപ്പിച്ചിരുന്നു. ഇന്ത്യ പെട്ടെന്ന് മാറി. നാട്ടിലുള്ള നല്ല ശമ്പളമുള്ള തന്റെ സുഹൃത്തുക്കളെല്ലാം അമേരിക്കയിൽ ഞങ്ങൾ ജീവിക്കുന്നത് പോലെയുള്ള ജീവിതം തന്നെയാണ് നയിക്കുന്നത്’ എന്നും അദ്ദേഹം പറഞ്ഞു.

വാഷു പറയുന്നത്, നാട്ടിലേക്ക് വരാനുള്ള പ്രധാന കാരണം തന്റെ കുടുംബമാണ് എന്നാണ്. ‘നാട്ടിലേക്ക് മടങ്ങാനും വീട്ടുകാരുടെ അടുത്ത് താമസിക്കാനും ഞാനെപ്പോഴും ആ​ഗ്രഹിച്ചിരുന്നു’ എന്നും അവർ പറയുന്നു. അതുപോലെ, അമ്മയുടെ റിട്ടയർമെന്റും കസിന്റെ വിവാഹവും അടക്കം നാട്ടിലെ പ്രിയപ്പെട്ടവരുടെ ആഘോഷങ്ങൾക്കൊപ്പം പങ്കുചേരാൻ സാധിക്കാത്തത് തനിക്ക് വിഷമമുണ്ടാക്കിയിരുന്നു എന്നും അവർ സൂചിപ്പിച്ചു.

ഇന്ത്യയിൽ ടെക് മേഖലകളിൽ ഇപ്പോൾ മികച്ച അവസരങ്ങളുണ്ട് എന്നും അതും ഇന്ത്യയിലേക്ക് തിരികെ വരാൻ കാരണമായിത്തീർന്നു എന്നുമാണ് ദമ്പതികൾ പറയുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു