സൈന്യത്തിലെ അഴിമതിയും മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ നിരവധി മുതിർന്ന കമാൻഡർമാരെ പുറത്താക്കിയതിന് പിന്നാലെ അഴിമതിക്കെതിരായ നടപടികൾ തുടരുമെന്ന് പ്രസിഡന്റ് ഷി ജിൻ പിങ് വ്യക്തമാക്കി. പിഎൽഎയുടെ പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈന്യത്തിൽ പാർട്ടിയോട് കൂറില്ലാത്തവർക്കും അഴിമതിക്കാർക്കും സ്ഥാനമുണ്ടാകില്ലെന്ന് അദ്ദേഹം കർശന മുന്നറിയിപ്പ് നൽകി. ഈ മാസം അവസാനം നടപ്പിലാക്കാൻ പോകുന്ന രാജ്യത്തിന്റെ അടുത്ത പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ഫണ്ട് വിനിയോഗം, അധികാര ഉപയോഗം, ഗുണനിലവാര നിയന്ത്രണം തുടങ്ങിയ പ്രധാന മേഖലകളിൽ കർശനമായ മേൽനോട്ടം ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
2023-ൽ മൂന്നാം തവണയും അധികാരത്തിലെത്തിയതിന് ശേഷം സായുധസേനയിലെയും ചൈനീസ് കമ്യുണിസ്റ്റ് പാർട്ടിയുടെ ഉന്നത നേതൃത്വത്തിലെയും അഴിമതിക്കെതിരെ ഷി ജിൻപിംഗ് ശക്തമായ നടപടികൾ ആരംഭിച്ചിരുന്നു. ഈ നടപടികളുടെ ഭാഗമായി സെൻട്രൽ മിലിട്ടറി കമ്മീഷനിലെ നിരവധി അംഗങ്ങളെയും ഡസൻ കണക്കിന് ജനറൽമാരെയും പുറത്താക്കി. അതുപോലെ 2023-ൽ രണ്ട് മുൻ പ്രതിരോധ മന്ത്രിമാരെയും പാർട്ടി പുറത്താക്കിയിരുന്നു.
അതേസമയം, ചൈനീസ് സൈന്യത്തിലെ സൈനികരെ ലക്ഷ്യമിട്ട് ചാരന്മാരെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങൾ അമേരിക്കയുടെ സിഐഎ ശക്തിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. സൈനിക സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിവരങ്ങൾ കൈവശമുള്ള ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ചൈനീസ് ഭാഷയിൽ പരസ്യങ്ങൾ പുറത്തിറക്കിയതായും പറയുന്നു.
