എഐ ഉച്ചകോടിയിലെ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷന് ജാമ്യം

ഡൽഹിയിൽ നടന്ന എഐ ഉച്ചകോടിക്കിടെ ഷർട്ടൂരി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബിന് കോടതി ജാമ്യം അനുവദിച്ചു. ഇന്ന് പുലർച്ചെ ഡൽഹി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യ ഉത്തരവ് പുറപ്പെടുവിച്ചത്.

ചിബിനെതിരെ ശക്തമായ തെളിവുകൾ സമർപ്പിക്കാൻ ഡൽഹി പൊലീസിന്റെ ക്രൈംബ്രാഞ്ചിന് സാധിക്കാത്ത സാഹചര്യത്തിലാണ് കോടതി നടപടി സ്വീകരിച്ചത്. റിമാൻഡ് കാലാവധി നീട്ടാൻ മതിയായ അടിസ്ഥാനങ്ങൾ ഇല്ലെന്ന് കോടതി നിരീക്ഷിച്ചതായി അഭിഭാഷകർ അറിയിച്ചു.

ഫെബ്രുവരി 24-നാണ് കേസുമായി ബന്ധപ്പെട്ട് ഉദയ് ഭാനു ചിബിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. 15 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഫെബ്രുവരി 20-ന് എഐ ഇംപാക്ട് എക്‌സ്‌പോ നടന്ന പ്രദർശന ഹാളിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷർട്ടൂരി പ്രതിഷേധം നടത്തുകയും പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് ചിബിനെ കേസിൽ പ്രതിയാക്കിയിരിക്കുന്നത്.

ഓൺലൈൻ രജിസ്ട്രേഷനും ക്യൂആർ കോഡ് പാസും ഉപയോഗിച്ചാണ് പ്രതിഷേധക്കാർ അതീവ സുരക്ഷയുള്ള പ്രദർശന ഹാളിൽ പ്രവേശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മുൻകൂട്ടി ആസൂത്രണം ചെയ്ത രീതിയിലാണ് പ്രതിഷേധം നടന്നതെന്നും ഇത് സുരക്ഷാ വീഴ്ചയായി കണക്കാക്കുന്നുവെന്നും പൊലീസ് അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക