സ്തനാർബുദത്തെ ധൈര്യത്തോടെ നേരിട്ട് ജയിച്ച വ്യക്തിയാണ് ഹോളിവുഡ് സൂപ്പർതാരം ആഞ്ജലീന ജോളി. കാൻസറിന്റെ ഭാഗമായി നടിക്ക് രണ്ട് സ്തനങ്ങളും നീക്കം ചെയ്യേണ്ടിവന്നിരുന്നു. ആഞ്ജലീനയുടെ അതിജീവന കഥ ഇന്ന് കാൻസറിനെതിരെ പോരാടുന്നവർക്കെല്ലാം വലിയ പ്രചോദനമായി മാറിയിട്ടുണ്ട്.
ഇപ്പോൾ ടൈം മാഗസീന്റെ ഫ്രഞ്ച് പതിപ്പിന്റെ ഡിസംബർ ലക്കത്തിന്റെ മുഖചിത്രത്തിനായുള്ള ഫോട്ടോഷൂട്ടിനിടെ, തന്റെ മാറിടത്തിലെ ശസ്ത്രക്രിയയുടെ പാടുകൾ ആദ്യമായി പരസ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ആത്മവിശ്വാസത്തോടെ മാറിടത്തിൽ കൈവെച്ചിരിക്കുന്ന ആഞ്ജലീനയുടെ ചിത്രം തന്നെയാണ് ടൈം ഫ്രാൻസിന്റെ പുതിയ മുഖചിത്രം. ധൈര്യത്തിന്റെയും സ്വയം അംഗീകരണത്തിന്റെയും ശക്തമായ പ്രതീകമായി ഈ ചിത്രം ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു.
ലോകമെമ്പാടുമുള്ള സ്ത്രീകളിൽ സാധാരണമായിക്കൊണ്ടിരിക്കുന്ന സ്താനാർബുദവും അത് മൂലമുണ്ടാകുന്ന മരണങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ആഞ്ജലീന ജോളിയുടെ ലക്ഷ്യം.
“ഞാൻ സ്നേഹിക്കുന്ന നിരവധി സ്ത്രീകളുമായി ഈ മുറിപാടുകൾ ഞാൻ പങ്കിടുന്നു,” 50 കാരിയായ ഹോളിവുഡ് നടി പറഞ്ഞു. “മറ്റ് സ്ത്രീകൾ അവരുടെ മുറിപ്പാടുകൾ പങ്കിടുന്നത് കാണുമ്പോൾ ഞാൻ എപ്പോഴും വികാരഭരിതയാകാറുണ്ട്. ടൈം ഫ്രാൻസ് സ്തനാരോഗ്യം, പ്രതിരോധം, സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടുമെന്ന് അറിഞ്ഞപ്പോൾ ഞാൻ അവരോടൊപ്പം ചേരാൻ തീരുമാനിച്ചു”
“മാസ്റ്റെക്ടമി നടത്താനുള്ള തീരുമാനം എളുപ്പമല്ലെന്ന് മറ്റ് സ്ത്രീകളോട് പറയാനാണ് ഞാൻ ഇത് എഴുതാൻ ആഗ്രഹിച്ചത്,” ആഞ്ജലീന ന്യൂയോർക്ക് ടൈംസിന്റെ ഓപ്പൺ എഡിഷനിൽ എഴുതി. “ എന്നാൽ, ആ തീരുമാനം എടുത്തതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. എനിക്ക് സ്തനാർബുദം വരാനുള്ള സാധ്യത 87 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനത്തിൽ താഴെയായി കുറഞ്ഞു. സ്തനാർബുദം മൂലം എന്നെ നഷ്ടപ്പെടുമെന്ന് ഭയപ്പെടേണ്ടതില്ലെന്ന് എനിക്ക് എന്റെ കുട്ടികളോട് ഇപ്പോൾ പറയാൻ കഴിയും,” നടി കൂട്ടിച്ചേർത്തു. ഓസ്കാർ ജേതാവായ നടി മറ്റ് സ്ത്രീകളെയും കാൻസർ പരിശോധനയ്ക്ക് വിധേയരാകാനും അഭിമുഖത്തിൽ പ്രോത്സാഹിപ്പിക്കുന്നു.
2013ലാണ് മാസ്റ്റെക്ടമി ചെയ്തതായി ആഞ്ജലീന ജോളി ലോകത്തോട് വെളിപ്പെടുത്തിയത്. തന്റെ അമ്മയും മുത്തശ്ശിയും അമ്മായിയും മരണപ്പെട്ടത് സ്തനാര്‍ബുദം മൂലമാണെന്നിരിക്കെ മുന്‍കരുതലെന്ന നിലയ്ക്കാണ് നടി ഈ തീരുമാനം എടുത്തത്. ജെനറ്റിക്കലായി അര്‍ബുദത്തിന് കാരണമാകുന്ന ജീന്‍ ആഞ്ജലീനയ്ക്ക് പകര്‍ന്ന് കിട്ടിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.
മാസ്റ്റെക്ടമി ചെയ്തു എന്ന് നടി വെളിപ്പെടുത്തിയതിന് പിന്നാലെ ഫ്രാൻസിലെ സ്താനാർബുദ പരിശോധനകളിൽ 20 ശതമാനം വർധനവാണ് ഉണ്ടായത്. “ആൻജലീന ഇഫക്റ്റ്” (Angelina Effect) എന്നാണ് ഇത് അറിയപ്പെടുന്നത്. മുൻപ് ഒരിക്കലുമുണ്ടായിട്ടില്ലാത്ത തരം സ്വാധീനമാണ് നടി സൃഷ്ടിച്ചത്. ഇതു കൂടി കണക്കിലെടുത്താണ് ടൈം ഫ്രാൻസ് നടിയെ കവർ ചിത്രത്തിൽ ഉൾപ്പെടുത്തിയത്. നഥാനിയേൽ ഗോൾഡ്ബെർഗ് ആണ് ഈ കവർ ഫോട്ടോ പകർത്തിയത്.
അര്‍ബുദ സാധ്യത കണ്ടെത്തിയതോടെ ആഞ്ജലീന അണ്ഡാശയങ്ങളും അണ്ഡവാഹിനി കുഴലുകളും നീക്കം ചെയ്തിരുന്നു.
