ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഫെഫ്കയിലെ അംഗത്വത്തില്‍ നിന്ന് രാജിവെച്ചു. നടന്‍ ദിലീപിനെ സംഘടന തിരിച്ചെടുക്കാനുള്ള നീക്കത്തോടുള്ള ശക്തമായ പ്രതിഷേധമാണ് രാജിക്കു പിന്നിലെന്ന് ഭാഗ്യലക്ഷ്മി അറിയിച്ചു.
ഇനി ഒരു സംഘടനയുടേയും ഭാഗമാകാന്‍ താല്‍പര്യമില്ലെന്നും, വേട്ടക്കാരനെയും അവനെ പിന്തുണക്കുന്നവരെയും സംരക്ഷിക്കുന്ന സംഘടനയുടെ ഭാഗമാകാന്‍ കഴിയില്ലെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ അവര്‍ വ്യക്തമാക്കിയത്.
നീതിയോടും അനീതിയോടും ഒരേസമയം നില്‍ക്കാന്‍ ഒരിക്കലും സാധ്യമല്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. അതിജീവിതയെയും കുറ്റാരോപിതനെയും ഒരുപോലെ പിന്തുണയ്ക്കുന്ന സിനിമാ സംഘടനകളുടെ നിലപാട് ക്ഷമിക്കാനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിചാരണക്കോടതിക്ക് മുകളിലും നിയമപരമായ വഴികള്‍ നിലനില്‍ക്കുമ്പോഴും, സാമ്പത്തിക ശക്തിയാണ് പ്രതിയെ സംരക്ഷിക്കുന്നതെന്ന് എല്ലാവര്‍ക്കും വ്യക്തമായിരിക്കെ, ചിലര്‍ കാണിക്കുന്ന ആവേശം തനിക്ക് ദുഃഖമല്ല പുച്ഛമാണെന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
