ലോകേഷ് കനഗരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായെത്തിയ ‘കൂലി’യെക്കുറിച്ചുള്ള സൗന്ദര്യ രജനികാന്തിന്റെ അഭിപ്രായം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. വമ്പൻ ഹൈപ്പോടെ റിലീസായ ചിത്രം വാണിജ്യവിജയം നേടിയെങ്കിലും ആരാധകരിൽ നിന്നുള്ള വിമർശനങ്ങൾ ശക്തമായിരുന്നു.
ചിത്രത്തെക്കുറിച്ച് തുറന്നുപറഞ്ഞ സൗന്ദര്യ രജനികാന്ത്, അവസാന പത്ത് മിനിറ്റ് തനിക്ക് ഏറെ ഇഷ്ടമായിരുന്നുവെന്ന് വ്യക്തമാക്കി. പ്രത്യേകിച്ച് ഡീ-ഏജിങ് ഫ്ലാഷ്ബാക്ക് സീനുകൾ മികച്ചതായിരുന്നുവെന്നും എന്നാൽ മുഴുവൻ ചിത്രം പരിഗണിക്കുമ്പോൾ തന്റെ ഏറ്റവും ഇഷ്ടപ്പെട്ട പത്ത് രജനികാന്ത് ചിത്രങ്ങളിൽ ‘കൂലി’യെ ഉൾപ്പെടുത്തില്ലെന്നും അവർ പറഞ്ഞു. “അച്ഛൻ എന്നതിലുപരി ഒരു തലൈവർ ഫാൻ എന്ന നിലയിൽ നോക്കിയാൽ, ചിത്രത്തിൽ ഇപ്പോഴുള്ളതിലുമേറെ സമയം രജനികാന്തിനെ കാണാൻ ആഗ്രഹിച്ചിരുന്നു” എന്നും സൗന്ദര്യ കൂട്ടിച്ചേർത്തു.
‘കൂലി’യുടെ റിലീസിന് ശേഷം പ്രധാന വിമർശനങ്ങൾ ഉയർന്നത് നിരവധി പ്ലോട്ട് ഹോളുകളും ലോജിക്കൽ പിശകുകളും ചൂണ്ടിക്കാണിച്ചായിരുന്നു. രജനികാന്തിനൊപ്പം നാഗാർജുന, ആമിർ ഖാൻ, ഉപേന്ദ്ര തുടങ്ങിയ വമ്പൻ താരങ്ങളെ ചിത്രത്തിൽ വേണ്ടത്ര ഉപയോഗിച്ചില്ലെന്ന പരാതിയും ആരാധകർ ഉയർത്തിയിരുന്നു.
മദന്റെ സംവിധാനത്തിൽ അനശ്വര രാജൻ നായികയായും ‘ടൂറിസ്റ്റ് ഫാമിലി’യുടെ സംവിധായകൻ അബിഷാൻ നായകനുമായെത്തുന്ന റൊമാന്റിക് ചിത്രം ‘വിത്ത് ലവ്’ എന്നതിന്റെ നിർമ്മാതാവ് എന്ന നിലയിൽ നൽകിയ പ്രമോഷണൽ അഭിമുഖത്തിനിടെയാണ് സൗന്ദര്യ രജനികാന്ത് ‘കൂലി’യെക്കുറിച്ച് മനസ് തുറന്നത്.
