കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ‘കാന്താര ചാപ്റ്റർ 1’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആഗോള റിലീസായി എത്തിയ ചിത്രത്തിന് എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ദിനം തന്നെ ചിത്രം ബോക്സ്ഓഫീസിൽ ചരിത്രം സൃഷ്ടിക്കും എന്നാണ് കണ്ടിറങ്ങിയവർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ഫാസ്റ്റ് ഹാഫും സെക്കന്റ് ഹാഫും ഒരുപോലെ മികച്ച് നിന്ന ചിത്രത്തിൽ ഋഷഭ് ഷെട്ടിയുടെ ഗംഭീര പ്രകടനമാണ് കാണാൻ കഴിയുന്നത് എന്നാണ് ആദ്യ റിപ്പോർട്ടുകൾ.
നായികയായി എത്തിയ രുക്മിണി വസന്തും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ചിത്രത്തിന്റെ വിഎഫ്എക്സ് വർക്കുകൾക്കും വലിയ പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള വിഎഫ്എക്സ് വർക്കാണ് ചിത്രത്തിലുള്ളതെന്നാണ് ആദ്യ ഷോ കഴിഞ്ഞിറങ്ങിയ പ്രേക്ഷകർ പറയുന്നത്. ചിത്രം ആദ്യ ദിനം തന്നെ 100 കോടി ക്ലബ്ബിൽ കയറുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അജനീഷ് ലോകനാഥിന്റെ സംഗീതവും അർവിന്ദ് എസ് ക്യാശ്യപിന്റെ ഛായാഗ്രഹണവും വലിയ പ്രശംസകളാണ് നേടുന്നത്. ചിത്രത്തിലെ ഏറ്റവും വലിയ പോസിറ്റിവ് ക്ലൈമാക്സ് തന്നെയാണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
പ്രീ റിലീസ് ഹൈപ്പുകളോട് നീതി പുലർത്തി കാന്താര
ഋഷഭ് ഷെട്ടി നായകനായി സംവിധാനം ചെയ്ത ചിത്രം വലിയ പ്രീ റിലീസ് ഹൈപ്പുകളോടെയാണ് എത്തിയത്. എന്തായാലും പ്രതീക്ഷ തെറ്റിക്കാതെ തന്നെ കാന്താര പാൻ ഇന്ത്യൻ ഹിറ്റ് അആവുമെന്ന് തന്നെയാണ് ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. ഹോംബാലെ ഫിലിംസ് നിർമ്മിച്ച ചിത്രം കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്.ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്.
സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറിയിരുന്ന കാന്താര ആദ്യഭാഗത്തിന്റെയും വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസായിരുന്നു. കാന്താരയുടെ ഒന്നാം ഭാഗം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. പിന്നീട് ഈ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു പതിപ്പുകൾ അണിയറപ്രവർത്തകർ പുറത്തിറക്കുകയും, അവയെല്ലാം തന്നെ ബോക്സ്ഓഫീൽ മികച്ച കളക്ഷനുകൾ നേടുകയും ചെയ്തു. ഇക്കാരണങ്ങൾ കൊണ്ടെല്ലാം സിനിമ സ്നേഹികളായ ആരാധകർ ആകാംക്ഷയോടെയായിരുന്നു രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരുന്നത്. മൂന്ന് വർഷത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയാണ് ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്.