മോഹൻലാലിന് നായികയായി മീര ജാസ്മിൻ വീണ്ടും എത്തുമ്പോൾ

‘തുടരും’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് തുടക്കമായി. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്. നിരവധി വിജയചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 21-ാമത്തെ സംരംഭം കൂടിയാണിത്.

ദീർഘ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ പൊലീസ് വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ നായികയായി മീര ജാസ്മിൻ എത്തുന്നു. 13 വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാലിന്റെ നായികയായി മീര ജാസ്മിൻ അഭിനയിക്കുന്നത്. 2013ൽ സിദ്ധിഖ് സംവിധാനം ചെയ്ത ‘ലേഡീസ് ആൻഡ് ജെന്റിൽമാൻ’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും അവസാനമായി ഒരുമിച്ചത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘ഹൃദയപൂർവം’ എന്ന ചിത്രത്തിൽ മീര ജാസ്മിൻ കാമിയോ വേഷത്തിലും എത്തിയിരുന്നു.

ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും ജനപ്രിയമായ ഹിറ്റ് കൂട്ടുകെട്ടുകളിൽ ഒന്നായിരുന്നു മോഹൻലാലും മീര ജാസ്മിനും. ‘രസതന്ത്രം’, ‘ഇന്നത്തെ ചിന്താവിഷയം’ തുടങ്ങിയ സിനിമകൾ ഇന്നും ആരാധകരുടെ മനസിൽ നിറഞ്ഞുനിൽക്കുന്നു. ഇരുവരും വീണ്ടും ഒന്നിക്കുന്നതോടെ സിനിമാപ്രേമികൾ വലിയ ആകാംക്ഷയിലാണ്.

മറുപടി രേഖപ്പെടുത്തുക